കർദ്ദിനാൾ മാർ ആലഞ്ചേരി ഉൾപ്പെടെ 8 മെത്രാന്മാർക്കെതിരെ വ്യാജരേഖ നിര്‍മ്മിച്ച കേസിൽ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചേക്കും !
എറണാകുളം – അങ്കമാലി അതിരൂപതയിലെ 5 വിമത വൈദികർ പ്രതികളായേക്കും ! കുറ്റപത്രം ഈയാഴ്ച.
കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയിലെ 5 വൈദികർ പ്രതികളാകുമെന്നു സംശയിക്കുന്ന വ്യാജരേഖ കേസിൽ പോലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കാനിരിക്കെ കേസിൽ സർക്കാർ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സാധ്യത.
കേസിൽ ഈയാഴ്ച തന്നെ പോലീസ് കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. 5 വൈദികർ ഉൾപ്പെടെ കേസിൽ 7 പ്രതികളാണ് ഉണ്ടാകുകയെന്നാണ് റിപ്പോർട്ട്.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉൾപ്പെടെ കത്തോലിക്കാ സഭയിലെ എട്ടോളം മെത്രാന്മാർക്കെതിരെ എറണാകുളം – അങ്കമാലി അതിരൂപതയിലെ വിമത വൈദികർക്ക് വേണ്ടി വ്യാജരേഖ നിർമ്മിച്ച കേസെന്ന നിലയിൽ വ്യാജരേഖ കേസിനെ ഏറെ പ്രാധാന്യത്തോടെയാണ് സർക്കാർ കാണുന്നത്. അതിനാലാണ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം.
സഭയുടെ മുൻ വക്താവ് കൂടിയായ ഫാ. പോൾ തേലക്കാട്ടാണ് വ്യാജരേഖ കേസിന്റെ മുഖ്യ ആസൂത്രകൻ. കർദ്ദിനാളിന്റെ മുൻ സെക്രട്ടറിയായിരുന്ന ഫാ. ആന്റണി കല്ലൂക്കാരൻ ഉൾപ്പെടെ വിമത പക്ഷത്തുണ്ടായിരുന്ന 5 പ്രമുഖ വിമത വൈദികരാണ് പ്രതിസ്ഥാനത്ത്. ഇവരുടെ നിർദ്ദേശാനുസരണം പ്രവർത്തിച്ച രണ്ട് അല്മായരും പ്രതികളാണ്.
നേരത്തെ കേസിൽ പോൾ തേലക്കാടിനെയും ഫാ. ആന്റണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യാൻ പോലീസ് ഒരുങ്ങിയെങ്കിലും കോടതി ഇടപെട്ട് അറസ്റ്റ് തടയുകയായിരുന്നു.
കേസ് അട്ടിമറിക്കാൻ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ ഇടപെടലുകൾ ഉണ്ടായെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരും പൊലീസിലെ ഉന്നതരും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയില്ല. ഈ സാഹചര്യത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്.


0 Comments