കാസര്‍കോട് പെരിയയില്‍ ചെറു വിമാനത്താവളത്തിന് അനുമതി



കാസര്‍കോട് : ജില്ലയില്‍ ചെറുവിമാനത്താവളം ഒരുങ്ങുന്നു. വിമാനത്താവളത്തിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അനുമതി നല്‍കി. പെരിയയിലാണ് എയര്‍ സ്ട്രിപ്പ് നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നത്. മന്ത്രി ചന്ദ്രശേഖരനാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ച വിവരം അറിയിച്ചത്. 8, 12, 22, 72 വരെ ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന വിമാനങ്ങളാണ് ഇവിടെ സര്‍വ്വീസ് നടത്തുക. സ്വകാര്യ സംരഭമാണെങ്കിലും സംസ്ഥാന സര്‍ക്കാരാണ് സ്ഥലം ഏറ്റെടുത്തുനല്‍കേണ്ടത്. പദ്ധതിയുടെ നടപടി വേഗത്തിലാക്കാന്‍ കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം റവന്യൂവകുപ്പിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉഡാന്‍ പദ്ധതി പ്രകാരമാണ് എയര്‍ സ്ട്രിപ്പിന് അനുമതി ലഭിച്ചിരിക്കുന്നത്.
ഒരു റണ്‍വേ മാത്രമായിരിക്കും ചെറു വിമാനത്താവളങ്ങള്‍ക്ക് ഉണ്ടായിരിക്കുക. കൂടാതെ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കും. കാസര്‍കോട്, ഇടുക്കി, വയനാട് എന്നീ മൂന്ന് ജില്ലകളില്‍ ചെറുവിമാനത്താവളങ്ങള്‍ നിര്‍മ്മിക്കും എന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ കാസര്‍കോട്ടെ പദ്ധതിയ്ക്കാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

80.41 ഏക്കര്‍ സ്ഥലമാണ് ചെറുവിമാനത്താവളത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കും വേണ്ടത്. ഇതില്‍ 54.12 ഏക്കര്‍ റവന്യൂ ഭൂമി നിലവിലുണ്ട്. ബാക്കിവരുന്ന 26.29 ഭൂമി വില കൊടുത്ത് വാങ്ങേണ്ടിവരും. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് പെരിയ വില്ലേജിലെ കനിയംകുണ്ടിലാണ് എയര്‍സ്ട്രിപ്പ് സ്ഥാപിക്കുന്നത്. കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് അതോറിട്ടിയുടെ (സി.ഐ.എ.എല്‍) വിദഗ്ദ്ധ സംഘം നേരത്തെ സ്ഥലം സന്ദര്‍ശിച്ച്‌ ചെറുവിമാനത്താവളത്തിന് അനുയോജ്യമാണെന്ന് ഉറപ്പ് വരുത്തിയിരുന്നു.