പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷികളാകാനുള്ള ഒരുക്കത്തിൽ പേരാവൂർ


പേരാവൂര്‍:അപൂര്‍വങ്ങളില്‍ അപൂര്‍വമായ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണ് മലയോരവും. പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന ആകാശ വിസ്മയത്തിന് സാക്ഷികളാകാനുള്ള ഒരുക്കത്തിലാണ് എല്ലാവരും അതിന് മുന്നോടിയായാണ് പേരാവൂര്‍ മലബാര്‍ ബി.എഡ് ട്രെയിനിങ് കോളേജിന്റെയും  ശാസ്ത്രസാഹിത്യപരിഷത്തിന്റെയും നേതൃത്വത്തില്‍   സൂര്യഗ്രഹണത്തെ വരവേല്‍ക്കുന്നതിനായി  ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചത്. ഡിസംബര്‍ 26 നു രാവിലെ 8.04 നാണ് പൂര്‍ണ വലയ സൂര്യഗ്രഹണം ആരംഭിക്കുക. 9.25 ഓടെ ഗ്രഹണം പൂര്‍ണതയിലെത്തും. അതിനുശേഷം മൂന്ന് മിനിറ്റും 12 സെക്കന്‍ഡുമാണ് പൂര്‍ണ വലയ സൂര്യ ഗ്രഹണം നടക്കുക. രാവിലെ 9.26 ന് ചന്ദ്രന്‍ സൂര്യന്റെ കേന്ദ്രത്തോട് ഏറ്റവും അടുത്തെത്തുമ്പോഴാണ് പൂര്‍ണ വലയ സൂര്യഗ്രഹണം അതിന്റെ ഉന്നതിയിലെത്തും. ഈ സമയത്താണ് പരമാവധി ഗ്രഹണം സംഭവിക്കുന്നത്. രാവിലെ 11.05 ഓടെ ചന്ദ്രന്‍ സൂര്യന്റെ വശങ്ങളില്‍ നിന്ന് അകലും. പ്രിന്‍സിപ്പാള്‍ ഇന്ദു കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഐ.എസ്.ആര്‍.ഒ.മുന്‍ ശാസ്ത്രജ്ഞന്‍ ഡോ.പി.എം.സിദ്ധാര്‍ത്ഥന്‍ ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി കെ.വിനോദ് കുമാര്‍, ടി.വി.രാഹുല്‍, എം.വി.മുരളിധരന്‍, പവിത്രന്‍ മാസ്റ്റര്‍, അഞ്ജു ഇമ്മാനുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സൂര്യഗ്രഹണത്തെ നിരീക്ഷിക്കുന്നതിനായി സൗര കണ്ണടയും നിര്‍മ്മിച്ചു.ബോധവത്കരണ ശില്പശാലയില്‍ മട്ടന്നൂര്‍ പഴശ്ശി രാജകോളേജ്, നിര്‍മ്മലഗിരി കോളേജ്, ഇരിട്ടി മാഹാത്മ ഗാന്ധി കോളേജ് വിദ്യാര്‍ത്ഥികളും പങ്കെടുത്തു