വയനാട് മെഡിക്കല്‍കോളേജ് ; ചേലോട് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഉത്തരവ്
വയനാട് മെഡിക്കല്‍കോളേജിനായി സര്‍ക്കാര്‍ കണ്ടെത്തിയ ചുണ്ടേല്‍ വില്ലേജിലെ ചേലോട് എസ്റ്റേറ്റിലെ അമ്ബതേക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഉത്തരവ്. വിദഗ്ധസമിതിയുടെ ശുപാര്‍ശ, സാമൂഹികാഘാത പഠന റിപ്പോര്‍ട്ട്, കളക്ടറുടെ റിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്.
ഭൂമിയില്‍ നെല്‍വയല്‍/തണ്ണീര്‍ത്തടമായി ഉള്‍പ്പെട്ടിട്ടുള്ള ഭൂമി ഉണ്ടെങ്കില്‍, കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ടിലെയും ബന്ധപ്പെട്ട ചട്ടങ്ങളിലെയും നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ ഭൂമി പരിവര്‍ത്തനം ചെയ്യാനാവൂ എന്ന് വ്യവസ്ഥയുണ്ട്. 2013-െല എല്‍.എ.ആര്‍.ആര്‍. നിയമപ്രകാരം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. പ്രദേശത്തെ സാമൂഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ജില്ലാഭണകൂടത്തിന് ലഭ്യമാക്കുകയും പഠനം വിലയിരുത്തുന്നതിന് കളക്ടര്‍ വിദഗ്ധസമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശയും സാമൂഹികാഘാത പഠന റിപ്പോര്‍ട്ടും കളക്ടര്‍ പരിശോധിച്ച് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. പ്രൊപ്പോസല്‍ വിശദമായി പരിശോധിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടരണോ വേണ്ടയോ എന്നത് സര്‍ക്കാരിന് തീരുമാനിക്കാമെന്നും ഉത്തരവില്‍ പറയുന്നു.


0 Comments