ഇനി ആരും പട്ടിണി കിടക്കരുത്; പാതയോരങ്ങളിലും റെയില്‍വേ പരിസരത്തും ഷെഡ് കെട്ടി താമസിക്കുന്നവര്‍ക്കും ഇനി റേഷന്‍ കാര്‍ഡ്
പാലക്കാട്: ഇനി മുതല്‍ സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത, പാതയോരങ്ങളിലും പുറമ്ബോക്കുകളിലും ഷെഡ് കെട്ടി താമസിക്കുന്നവര്‍ക്കും റേഷന്‍കാര്‍ഡ് ലഭ്യമാക്കും. പാതയോരങ്ങള്‍, തോട്, കനാല്‍ എന്നിവയ്ക്കരികിലും റെയില്‍വേ പരിസരത്തും ഷെഡുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതോടെ റേഷന്‍ കാര്‍ഡ് ലഭിക്കുക. ഇത്തരം കുടുംബങ്ങളെ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കും സിറ്റി റേഷനിങ് ഓഫീസര്‍മാര്‍ക്കും പൊതുവിതരണ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.
തിരുവനന്തപുരം കൈതമുക്ക് ഉപ്പിടാംമൂട് പാലത്തിനു സമീപം താമസിക്കുന്ന ആറ് കുഞ്ഞുങ്ങളടങ്ങിയ കുടുംബത്തിന്റെ പട്ടിണി വാര്‍ത്ത പുറത്തുവന്നതോടെയാണു നടപടി. പുറമ്ബോക്കില്‍ താമസിക്കുന്ന മിക്ക കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലെന്നാണു വിവിധ സര്‍വേകള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യം ഇവര്‍ക്കു ലഭിക്കാറില്ല.
റേഷന്‍ കാര്‍ഡില്ലാത്തതിനെ തുടര്‍ന്ന് നിത്യവരുമാനമില്ലാത്തവര്‍ക്ക് പോലും ഉയര്‍ന്ന വില കൊടുത്ത് അരിയും മറ്റും പൊതുവിപണിയില്‍ നിന്നു വാങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അതിനും കഴിയാത്തവരാണു പുറമ്ബോക്കില്‍ താമസിക്കുന്നവരിലേറെയും. ഈ വിഭാഗത്തിലുള്ള പലര്‍ക്കും നേരത്തേ താല്‍ക്കാലിക കാര്‍ഡുകള്‍ വഴി റേഷന്‍ ലഭ്യമാക്കിയിരുന്നു. പക്ഷെ, പൊതുവിതരണ സംവിധാനം ഡിജിറ്റലാക്കിയതോടെ അവ അസാധുവായി. തദ്ദേശസ്ഥാപനങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക വീട്ടുനമ്ബര്‍ ഉപയോഗിച്ചാണു കുടിലുകളിലും താല്‍ക്കാലിക ഷെഡുകളിലും കഴിയുന്നവര്‍ക്കുകൂടി റേഷന്‍ കാര്‍ഡ് അനുവദിക്കുക.


0 Comments