ഡീസല്‍ വില മുകളിലോട്ട്, ഒരാഴ്ചയ്ക്കിടെ വര്‍ധിച്ചത് 1.11 രൂപ; പെട്രോളിനും വില കൂടി
കൊച്ചി: സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസല്‍ വില കൂടി. ലിറ്ററിന് പതിനൊന്ന് പൈസയാണ് വ്യാഴാഴ്ച വര്‍ധിച്ചത്. ഒരാഴ്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവാണുണ്ടായത്. പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടി.
വ്യാഴാഴ്ച കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ വില. പെട്രോളിന് 76.55 രൂപയും. പവര്‍ പെട്രോളിനും ഡീസലിനും ഇതിനെക്കാള്‍ ആറ് പൈസ കൂടും. തിരുവനന്തപുരം, കോഴിക്കോട് മേഖലകളില്‍ കൊച്ചിയിലെ വിലയെക്കാള്‍ പത്ത് പൈസയും കൂടും.
ബുധനാഴ്ച ഒഴികെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലാദിവസവും ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായിരുന്നു. 11,16,21 പൈസ എന്നിങ്ങനെയാണ് ഓരോ ദിവസവും വര്‍ധിച്ചത്. തണുപ്പുകാലമായതിനാല്‍ ഉപഭോഗം കൂടിയതും ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതുമാണ് ഡീസല്‍ വില വര്‍ധനവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഇതോടൊപ്പം യുഎസ്-ചൈന വ്യാപാരതര്‍ക്കവും പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്‍ഷുറന്‍സ് കൂട്ടിയതും വില വര്‍ധനവിന് കാരണമായി പറയുന്നു.


0 Comments