വലയ സൂര്യഗ്രഹണം: നിരീക്ഷിക്കാന്‍ സൗകര്യം


പേരാവൂര്‍: വലയ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ കൊളക്കാട് സാന്തോം എച്ച്‌.എസ്.എസില്‍ വിപുലമായ സൗകര്യം ഒരുക്കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. കോഴിക്കോട് റീജണല്‍ സയന്‍സ് സെന്ററാണ് ജില്ലാതലത്തില്‍ സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ കൊളക്കാട് സ്കൂളില്‍ സൗകര്യമൊരുക്കുന്നത്. ഡിസംബര്‍ 26-ന് രാവിലെ എട്ടിന് സ്കൂളിലെത്തുന്നവര്‍ക്ക് വലയ സൂര്യഗ്രഹണം പൂര്‍ണമായി നിരീക്ഷിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ആയിരത്തിലധികം ആളുകള്‍ക്ക് സൂര്യഗ്രഹണം നിരീക്ഷിക്കാന്‍ കണ്ണടകളും പിന്‍ ഹോള്‍ ക്യാമറയും ബിഗ് സ്‌ക്രീന്‍ പ്രൊജക്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താം.

ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിനായി ജില്ലാതല ശാസ്ത്ര പ്രബന്ധാവതരണ മത്സരവും യു.പി., ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങള്‍ക്ക് ക്വിസ് മത്സരവും ഉണ്ടാവും.

പത്രമ്മേളനത്തില്‍ രഞ്ജിത്ത് മാര്‍ക്കോസ്, ജോണി തോമസ് വടക്കേക്കര, രജീന തോമസ്, ജോളി മറ്റത്തില്‍ എന്നിവര്‍ സംസാരിച്ചു.