2019 പടിയിറങ്ങുമ്ബോഴും ഡോളറുമായുള്ള വിനിമയത്തില്‍ രൂപ നഷ്ടത്തില്‍ തന്നെ; കടന്നുപോകുന്നത് രൂപ കനത്ത തകര്‍ച്ചയെ നേരിട്ട വര്‍ഷം




കൊച്ചി: ഇടിവില്‍ നിന്ന് കരകയറാനുള്ള രൂപയുടെ ശ്രമത്തിന് തിരിച്ചടി. തുടര്‍ച്ചയായ 6-ാം ദിവസം രൂപയുടെ മൂല്യം കുറഞ്ഞു. ഡോളറുമായുള്ള വിനിമയത്തില്‍ 4 പൈസ കുറഞ്ഞ് 3 ആഴ്ചത്തെ താഴ്ന്ന നിലവാരമായ 71.35 ല്‍ രൂപ എത്തി. ഈ ആഴ്ച മാത്രം ഇടിഞ്ഞത് 19 പൈസ. രൂപ കനത്ത തകര്‍ച്ചയെ നേരിട്ട വര്‍ഷമാണ് 2019. ഇതര കറന്‍സികളുമായി താരതമ്യപ്പെടുത്തിയാല്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ചതും ഇന്ത്യന്‍ കറന്‍സിയാണ്.
രൂപയെ സ്വാധീനിച്ച ഘടകങ്ങള്‍

∙ എണ്ണ വില

ഈ വര്‍ഷം എണ്ണ വില ഉയര്‍ന്ന തലത്തിലായിരുന്നു. ഒരു വര്‍ഷത്തിനിടെ 50% വില ഉയര്‍ന്നു. ബാരലിന് 77 ഡോളര്‍ വരെ എത്തി. ഇന്ത്യയുടെ ആവശ്യത്തിന്റെ 80% ഇറക്കുമതി നടത്തുകയാണ്. അതിനാല്‍ എണ്ണ വിലയിലെ കയറ്റം രൂപയെ സ്വാധീനിക്കും. കറന്റ് അക്കൗണ്ട് കമ്മി കൂടും. ഇത് നാണ്യപ്പെരുപ്പം ഉയര്‍ത്തും. ഇപ്പോള്‍ റെക്കോര്‍ഡ് നിലവാരത്തില്‍ നില്‍ക്കുന്ന വിദേശ നാണ്യ കരുതല്‍ ശേഖരവും കുറയാന്‍ വഴിയൊരുക്കും. ധന കമ്മി കൂടിയാല്‍ ഇന്ധനത്തിന്മേലുള്ള എക്സൈസ് തീരുവ കുറയ്ക്കേണ്ടി വരും. ഇതെല്ലാം രൂപയുടെ മൂല്യം ഇടിക്കും.