കുട്ടിയെ കഴുത്തിനു പിടിച്ചു, മുഖത്തു മാന്തി; അധ്യാപകനെ പുറത്താക്കണമെന്ന് കമ്മീഷന്
കോഴിക്കോട്: വിദ്യാര്‍ഥിയെ മര്‍ദിച്ച അധ്യാപകനെ സര്‍വീസില്‍നിന്നു പുറത്താക്കാന്‍ നിര്‍ദേശം. കോഴിക്കോട് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ മര്‍ദിച്ച യുപി വിഭാഗം അധ്യാപകന് ശ്രീനിജിനെ സര്‍വീസില്‍നിന്ന് പുറത്താക്കാനാണ് സംസ്ഥാന ബാലാവാകാശ സംരക്ഷണ കമ്മീഷന് ചെയര്മാന് പി. സുരേഷ് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയത്.
കുട്ടിയെ കഴുത്തിനു പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുകയും മുഖത്തു നഖം ആഴ്ത്തി മാന്തുകയും ചെയ്തതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു നടപടി. ഈ അധ്യാപകന് മറ്റു കുട്ടികളെയും സമാനമായി നിലത്തിട്ടു മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി മൊഴികളില്‍ വ്യക്തമായിട്ടുണ്ടെന്നു ചെയര്മാന് പറഞ്ഞു.
ഡിസംബര്‍ രണ്ടിനാണു കേസിനാസ്പദമമായി സംഭവം നടന്നത്. മാധ്യമവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. പരിക്കേറ്റ കുട്ടിയുടെയും രക്ഷാകര്‍ത്താകളുടെയും സഹപാഠികളുടെയും അധ്യാപകരുടെയും മൊഴികള്‍ കമ്മീഷന് രേഖപ്പെടുത്തി. മെഡിക്കല്‍ കോളജില്‍ നിന്നുളള റിപ്പോര്‍ട്ട്, പോലീസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് എന്നിവ തെളിവായി സ്വീകരിച്ചാണു കമ്മീഷന് ഈ നിഗമനത്തില്‍ എത്തിയതെന്നു സുരേഷ് പറഞ്ഞു. മെഡിക്കല്‍ കോളേജില്‍ നിന്നുളള നിര്‍ദ്ദേശ പ്രകാരം കുട്ടി സെര്‍വിക്കല്‍ കോളര്‍ ധരിച്ചിരിക്കുകയാണ്.
മുന്‍പ് സമാനമായ സംഭവത്തില്‍ ഈ അധ്യപകനെ ആറു മാസത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നെങ്കിലും ഹിയറിംഗ് നടത്തി തിരിച്ചെടുക്കുകയായിരുന്നു. ആ കേസില്‍ അച്ചടക്ക നടപടി തുടരണമെന്ന് അധികൃതരുടെ നിര്‍ദ്ദേശം മാനേജ്മെന്റ് നടപ്പാക്കിയിട്ടില്ലെന്ന് കമ്മീഷന് ബോധ്യമായി. പുതിയ കേസില്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് അധ്യാപകനെതിരെ മാനേജ്മെന്റ് നടപടി സ്വീകരിക്കാത്ത പക്ഷം പിരിച്ചുവിടാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ചെയര്മാന് നിര്‍ദ്ദേശ നല്കി.
സംഭവം നടന്ന രണ്ടാം തിയതി കുട്ടി നല്കിയ പരാതി തൊട്ടടുത്ത ദിവസം ഹെഡ്മാസ്റ്റര് കുന്ദമംഗലം പോലീസിന് കൈമാറിയെങ്കിലും ഏഴാം തീയതി മാത്രമാണ് പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയത്. പ്രതിയായ അധ്യാപകന് ആറാം തീയതി വരെ സ്കൂളില്‍ ഹാജരായിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്തതില്‍ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷന് വിലയിരുത്തി. ഈ കാര്യത്തില്‍ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തില്‍ നടപടി എടുക്കണമെന്നും ചെയര്മാന് ആവശ്യപ്പെട്ടു.


0 Comments