ക്രിസ്മസ്-പുതുവത്സര സീസണില്‍ കേരള ടൂറിസം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു; സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെല്ലാം കനത്ത ബുക്കിംഗ്



കൊച്ചി: കഴിഞ്ഞ വര്‍ഷം പ്രളയം സൃഷ്ടിച്ച മാന്ദ്യത്തെ മറി കടന്ന് കേരള ടൂറിസം ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു. ഫെബ്രുവരി വരെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും കനത്ത ബുക്കിങ്ങാണ്. ക്രിസ്മസ്-പുതുവത്സര സീസണില്‍ എങ്ങും മുറി കിട്ടാനില്ല. കഴിഞ്ഞ വര്‍ഷം ഇതേ സമയം എല്ലായിടത്തും മുറികള്‍ നിറയാത്ത സ്ഥിതിയായിരുന്നു.

നക്ഷത്ര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മാത്രമല്ല സാധാരണ ഇടങ്ങളും നിറഞ്ഞിട്ടുണ്ട്. കെടിഡിസിയുടെ എല്ലാ ഹോട്ടലുകളും ഫുള്‍. മൂന്നാറിലേക്ക് എത്തിപ്പറ്റാന്‍ പോലും ബുദ്ധിമുട്ടാണ്. വിദേശികള്‍ മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മുംബൈ പോലുള്ള വന്‍നഗരങ്ങളില്‍ നിന്നും സഞ്ചാരികളുടെ ഒഴുക്കുണ്ട്. കേരളത്തിലേക്കുള്ള വിമാനങ്ങളെല്ലാം ഫുള്‍. ടിക്കറ്റ് നിരക്ക് ഇരട്ടിയിലെറെയായി. മുന്‍ വര്‍ഷത്തേക്കാള്‍ ഇക്കുറി ടൂറിസം സീസണിന് 15% വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നുവെന്ന് ടൂറിസം ഡയറക്ടര്‍ ഡോ.എ.ബാലകിരണ്‍ അറിയിച്ചു.

സഞ്ചാരികളുടെ വരവിലെ വര്‍ധന: കാരണങ്ങള്‍

1. . പ്രതിഛായ മാറി

പ്രളയം സൃഷ്ടിച്ച മോശം പ്രതിഛായ മറികടക്കാന്‍ കേരള ടൂറിസം നടത്തിയ പ്രചാരണ പരിപാടികള്‍ ഫലം ചെയ്തു. വിദേശ വിമാന സര്‍വീസുകളില്‍ സിനിമ കാണും മുന്‍പ് വരുന്ന കേരള ടൂറിസം വിഡിയോ പരസ്യം ആകര്‍ഷിച്ചുവെന്ന് സഞ്ചാരികള്‍ തന്നെ പറയുന്നു. നക്ഷത്ര ഹോട്ടല്‍-റിസോര്‍ട്ടുകള്‍ക്കാണ് അതുകൊണ്ടു പ്രധാനമായും പ്രയോജനമുണ്ടായത്.

2. ബ്രെക്സിറ്റ്

യുകെയില്‍ ബ്രെക്സിറ്റ് സൃഷ്ടിച്ച അനിശ്ചിതത്വം മൂലം യാത്രാപരിപാടികള്‍ നിര്‍ത്തി വച്ചിരുന്ന സഞ്ചാരികള്‍ അതു മാറിയതോടെ കൂടുതലായി വരാന്‍ തുടങ്ങി.

കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളില്‍ നല്ല വിഭാഗം ബ്രിട്ടിഷുകാരാണ്. ഫ്രാന്‍സ്,ജര്‍മ്മനി,സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുളള സഞ്ചാരികളും വര്‍ധിച്ചു.

3. റോഡ് ട്രിപ്പ്

ബെംഗളൂരു, കോയമ്ബത്തൂര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്ക് റോഡ് ട്രിപ്പ് നടത്താന്‍ സഞ്ചാരികള്‍ ഇഷ്ടപ്പെടുന്നു. റോഡുകള്‍ മെച്ചമാകേണ്ടതിന്റെ ആവശ്യകതയാണ് ഇതു കാണിക്കുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള സഞ്ചാരികള്‍ വയനാട്ടിലേക്കാണു കൂടുതല്‍ വരുന്നത്.

4. ഹോങ്കോങ്ങിലെ ക്രമസമാധാന പ്രശ്നം കേരളത്തിനു പ്രയോജനപ്പെട്ടു.