ക്രിസ്മസ് അവധി ആ​ഘോഷിക്കാന്‍ ദുബായിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു



 അവധിയാഘോഷിക്കാനായി ദുബായിയിലെത്തിയ മലയാളി യുവാക്കള്‍ വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ശരത് കുമാര്‍ നമ്ബ്യാര്‍ (21), സുഹൃത്ത് രോഹിത് കൃഷ്ണകുമാര്‍(19) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച അര്‍ധ രാത്രിയോടെയായിരുന്നു അപകടം. രോഹിതിനെ വീട്ടില്‍ കൊണ്ടുപോയി വിടുന്നതിനിടെയാണ് അപകടം. ഇരുവരും സംഭവ സ്ഥലുത്തുവെച്ച്‌ തന്നെ മരിച്ചു. ശരതും രോഹിതും ഡിപിഎസ് ദുബായിയിലെ പൂര്‍വ വിദ്യാര്‍ഥികളാണ്.

ദുബായിലെ പഠനത്തിന് ശേഷം വിദേശത്തേക്ക് ഉപരിപഠനത്തിന് പോയ ഇരുവരും ക്രിസ്മസ് അവധിക്ക് ദുബായിലുള്ള രക്ഷിതാക്കളുടെ അടുത്തേക്ക് വന്നതായിരുന്നു. ശരത് അമേരിക്കയിലും രോഹിത് യുകെയിലുമാണ് ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുന്നത്.
ക്രിസ്മസ് അവധിക്ക് മാതാപിതാക്കളെ കാണാനും പരസ്പരം ഒത്തുകൂടാനുമായിരുന്നു ഇരുവരും ദുബായിയിലെത്തിയത്. തിരുവനന്തപുരം കുറവന്‍കോണം സ്വദേശികളായ ആനന്ദ്കുമാര്‍- രാജശ്രീ പ്രസാദ് എന്നിവരുടെ മകനാണ് ശരത് കുമാര്‍.