മൂന്നുപേരുടെയും ജീവനെടുത്തത് ചുളിക്കപ്പുഴയിലെ കയം





മേപ്പാടി: ബുധനാഴ്ച വൈകീട്ട് കായംകുളത്തുനിന്ന്‌ ആറുസുഹൃത്തുക്കളും ചേര്‍ന്ന് വയനാട്ടിലേക്ക് തിരിച്ചതാണ്. പുറപ്പെട്ടപ്പോള്‍, താങ്ങാനാവാത്ത ദുരന്തമാണ് വഴിയില്‍ കാത്തിരിക്കുന്നത് എന്നവര്‍ അറിഞ്ഞില്ല. കൂടെവന്നവര്‍ ഒപ്പമില്ലാതെ എങ്ങനെ തിരികെ നാട്ടിലേക്ക് മടങ്ങുമെന്നോര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് മരിച്ച നിധിന്റെയും ജിതിന്റെയും ബിജിലാലിന്റെയും സുഹൃത്തുക്കളായ ആദര്‍ശ് (22), സന്ദീപ് (23), പട്ടാളക്കാരനായ ആദര്‍ശ് (23) എന്നിവര്‍. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ കായംകുളത്തുനിന്ന് ആറുപേരാണ് കാറില്‍ വയനാട്ടിലേക്ക് പുറപ്പെട്ടത്. എറണാകുളത്തുനിന്ന്‌ വ്യാഴാഴ്ച രാവിലെ വയനാട്ടിലേക്ക് വരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിയോടെ മേപ്പാടിയിലെത്തിയ യുവാക്കള്‍ ചെമ്ബ്ര മലയില്‍ കയറണമെന്ന ആഗ്രഹത്തോടെ അവിടെയെത്തിയെങ്കിലും പ്രവേശനമില്ലാത്തതുകൊണ്ട് മടങ്ങി.

നെല്ലിമുണ്ടയിലെത്തി അടുത്തുള്ള വിനോദസഞ്ചാരകേന്ദ്രം അന്വേഷിച്ച ഇവരോട് പ്രദേശവാസികളിലാരോ ചുളിക്കപ്പുഴ നിര്‍ദേശിക്കുകയായിരുന്നു. ആറുപേരും പുഴയിലിറങ്ങി കുളിക്കുന്നതിനിടയില്‍ നിധിന്‍ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണു. നീന്തല്‍ അറിയുന്നവര്‍പോലും ഈഭാഗങ്ങളില്‍ ഇറങ്ങാറില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. കൂട്ടത്തില്‍ നീന്തലറിയാമായിരുന്ന ജിതിനും ബിജിലാലും ബാക്കി മൂന്നുപേരെ കരയില്‍ നിര്‍ത്തി നിധിനെ രക്ഷിക്കാനായാണ് വെള്ളത്തില്‍ ചാടിയത്. എന്നാല്‍, ഇവര്‍ക്ക് ആഴമേറിയ വെള്ളക്കെട്ടില്‍ സ്വന്തം ജീവന്‍പോലും രക്ഷിക്കാനായില്ല.

ബഹളംകേട്ട്‌ നാട്ടുകാര്‍ എത്തിയപ്പോഴേക്കും മൂന്നുജീവനുകളും നഷ്ടമായിരുന്നു. നാലുമണിയോടെയാണ് നാട്ടുകാര്‍ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മരണവാര്‍ത്തയറിഞ്ഞ് ബന്ധുക്കള്‍ കായംകുളത്തുനിന്ന്‌ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., തഹസില്‍ദാര്‍ ടി.പി. അബ്ദുള്‍ ഹാരിസ്, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് തുടങ്ങിയവര്‍ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.