പൗരത്വബില്‍ കോളേജുകളില്‍ പ്രതിഷേധശൃംഖല
കണ്ണൂര്‍: പൗരത്വഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ പ്രതിഷേധശൃംഖല നടത്തി. 'ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, ഭരണമൂല്യങ്ങള്‍ സംരക്ഷിക്കുക' എന്ന മുദ്രവാക്യമുയര്‍ത്തിയായിരുന്നു പ്രതിഷേധപരിപാടി നടത്തിയത്. സര്‍വകലാശാലയ്ക്ക് കീഴിലെ മുഴുവന്‍ കോളേജുകളിലും ഉച്ചയ്ക്ക് ഒന്നിനായിരുന്നു ശൃംഖല തീര്‍ത്തത്. വിവിധ കേന്ദ്രങ്ങളിലായി സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുത്തു.
കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജില്‍ സര്‍വകലാശാലാ പരീക്ഷാവിഭാഗം കണ്‍ട്രോളര്‍ ഡോ. പി.ജെ.വിന്‍സെന്റ് ഉദ്‌ഘാടനം നിര്‍വഹിച്ചു. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഥിലാ ഭരണഘടനാ സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ.ശിശിര അധ്യക്ഷതവഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.കെ.റജില, അഭിന എന്നിവര്‍ സംസാരിച്ചു.


0 Comments