ഖാദി കേന്ദ്രം ക്രിസ്‌മസ്-ന്യൂ ഇയര്‍ മേള: രുചിയുള്ള കേക്കുമായി ഖാദി



കണ്ണൂര്‍: വാനില...ചോക്ലേറ്റ്... കേക്കിന്റെ രുചിക്കൂട്ടു പരീക്ഷിക്കാന്‍ ഖാദിയും. ബേക്കറി രംഗത്തും ചുവടുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേക്കുകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഒരുക്കി ഖാദി ക്രിസ്‌മസ്-പുതുവത്സര ആഘോഷത്തെ വരവേല്‍ക്കുന്നത്. പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ തുടങ്ങിയ ജില്ലാതല ക്രിസ്‌മസ് ന്യൂ ഇയര്‍ ഖാദി മേളയില്‍ കേക്കും വില്‍പ്പനക്കെത്തി.

ഖാദി ബോര്‍ഡ് സഹായധനം നല്‍കുന്ന സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് കേക്ക് ഉള്‍പ്പെടെയുള്ള പലഹാരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ്, വാനില, ചോക്ലേറ്റ് തുടങ്ങി വ്യത്യസ്ത രുചികള്‍ ഒരുക്കിയിട്ടുണ്ട്. കിലോയ്ക്ക് 350 രൂപ മുതല്‍ 400 രൂപ വരെയാണ് കേക്കുകളുടെ വില.

കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ മേയര്‍ സുമ ബാലകൃഷ്ണന്‍ മേള ഉദ്ഘാടനംചെയ്തു. സംസ്ഥാന സഹകരണ ബാങ്ക് ജില്ലാ ജനറല്‍ മാനേജര്‍ ഇന്‍ ചാര്‍ജ് പി.ശശികുമാര്‍ ആദ്യവില്‍പ്പന ഏറ്റുവാങ്ങി. ഖാദി ബോര്‍ഡംഗം ധനഞ്ജയന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഖാദി ബോര്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ടി.സി.മാധവന്‍ നമ്ബൂതിരി, പയ്യന്നൂര്‍ ഖാദി കേന്ദ്ര ഡയറക്ടര്‍ പി.സുരേശന്‍, പ്രോജക്‌ട് ഓഫീസര്‍ എന്‍.നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ തരം സില്‍ക്ക്, കോട്ടണ്‍ സാരികള്‍, കാവിമുണ്ട്, സമ്മര്‍കൂള്‍, റോയല്‍ ഇന്ത്യ, മില്ലേനിയം എന്നീ റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയും മേളയില്‍ ഉണ്ട്.

ആദ്യമായി സാരികള്‍ക്ക് 30 ശതമാനം ഡിസ്കൗണ്ട് ലഭിക്കുന്നുവെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടു വരെയാണ് പ്രവേശനം. മേള 31-ന് സമാപിക്കും.