എരിപുരം കവലയില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന് ആവശ്യം






പഴയങ്ങാടി: കെ.എസ്.ടി.പി. റോഡില്‍ എരിപുരം ട്രാഫിക് സര്‍ക്കിളിനുള്ളില്‍ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദിശാ ബോര്‍ഡ് സ്ഥാപിക്കാത്തതിനാല്‍ പലപ്പോഴും ഇവിടെയെത്തുന്ന വാഹനങ്ങള്‍ നിര്‍ത്തി വഴി ചോദിക്കേണ്ടിവരുന്നു. ട്രാഫിക് സര്‍ക്കിളില്‍ രാത്രി വാഹനങ്ങള്‍ ഇടിക്കുന്നതും പതിവാണ്.

ട്രാഫിക് സര്‍ക്കിളിനു ചുറ്റും സോളാര്‍ വിളക്ക് ഘടിപ്പിച്ചിരുന്നുവെങ്കിലും ഇവ പ്രവര്‍ത്തിക്കുന്നില്ല. പിലാത്തറ - പാപ്പിനിശ്ശേരി റോഡിലെ പ്രധാന കവലയായ എരിപുരം പോലീസ് സ്റ്റേഷന് മുന്നിലാണ് അടിക്കടി അപകടമുണ്ടാക്കുന്ന ട്രാഫിക് സര്‍ക്കിളുള്ളത്. നിര്‍മാണവേളയില്‍ തന്നെ ഇതിന്റെ അശാസ്ത്രീയത പലരും ചൂണ്ടിക്കാട്ടിയിരുന്നു.

പിലാത്തറ, ഏഴോം, മുട്ടം പഴയങ്ങാടി ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ സുഗമമായി പോകാന്‍ വേണ്ടിയാണ് ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിച്ചത്. ഇതിനനുസരിച്ച്‌ മറ്റു സൗകര്യങ്ങള്‍ ഒരുക്കാത്തതും മതിയായ വെളിച്ചമില്ലാത്തതുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ദേശീയ പാത ഒഴിവാക്കി രാപകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ ഇതുവഴി ഇപ്പോള്‍ പോകുന്നുണ്ട്. ദൂരസ്ഥലങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങളാണ് ദിശാബോര്‍ഡില്ലാത്തതിനാല്‍ കുഴങ്ങുന്നത്. വെളിച്ചമില്ലാത്തത് കാല്‍നടയാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്നു.