ശ്രീകണ്ഠപുരം 110 കെ.വി. സബ് സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമായി




ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ഇലക്‌ട്രിസിറ്റി സബ് സ്റ്റേഷന്‍ 110 കെ.വി. ആകുന്നതിന്റെ പണി പൂര്‍ത്തിയായി. ശ്രീകണ്ഠപുരം നഗരസഭയിലേയും പയ്യാവൂര്‍, എരുവേശ്ശി, ഇരിക്കൂര്‍, മലപ്പട്ടം, ചെങ്ങളായി, നടുവില്‍ എന്നീ പഞ്ചായത്തുകളിലും അടുത്ത 20 വര്‍ഷത്തേക്കുള്ള വൈദ്യുതി ആവശ്യം നിറവേറ്റാന്‍കഴിയുന്ന കാഞ്ഞിരോട് - ശ്രീകണ്ഠപുരം 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനിന്റെ രണ്ടാമത്തെ സര്‍ക്യൂട്ട് ലൈനിന്റെ നിര്‍മാണവും പൂര്‍ത്തിയായി.
പുതിയ 110 കെ.വി. ലൈനിലൂടെയുള്ള വൈദ്യുതിപ്രസരണം പരീക്ഷണാടിസ്ഥാനത്തില്‍ 28-ന് ആരംഭിച്ചു. 110 കെ.വി. ലൈന്‍ കമ്മിഷന്‍ചെയ്തതോടെ ശ്രീകണ്ഠപുരം സബ് സ്റ്റേഷനിലേക്ക് 110 കെ.വി. എത്തിക്കുന്നതിന് രണ്ട് ലൈനുകള്‍ യാഥാര്‍ഥ്യമായി. ഒന്ന് 220 കെ.വി. കാഞ്ഞിരോട് സബ്സ്റ്റേഷനില്‍നിന്നും രണ്ടാമത്തേത് 110 കെ.വി. മുണ്ടയാട് സബ് സ്റ്റേഷനില്‍നിന്നും 110 കെ.വി. വൈദ്യുതി ശ്രീകണ്ഠപുരത്തേക്ക് എത്തിക്കുവാനുള്ള സൗകര്യമാണ് നിലവില്‍വന്നത്.

ശ്രീകണ്ഠപുരം ഉള്‍പ്പെടുന്ന മലയോരമേഖലയില്‍ വൈദ്യുതിവിതരണം നടത്തുന്നതിനായി നിര്‍മിക്കുന്ന 110 കെ.വി. ശ്രീകണ്ഠപുരം സബ് സ്റ്റേഷന്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരിക്കുകയാണ്. ഏകദേശം രണ്ടുലക്ഷത്തോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രയോജനം ലഭിക്കും.

വൈദ്യുതി ലഭ്യത വര്‍ധിക്കുന്നതോടെ ശ്രീകണ്ഠപുരം ഉള്‍പ്പെടുന്ന മലേയാര പ്രദേശങ്ങളിലെ വാണിജ്യ-വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് പദ്ധതി വളരെയധികം പ്രയോജനംചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ജില്ലയിലെ ഏറ്റവുംവലിയ സബ് സ്റ്റേഷനായ കാഞ്ഞിരോട് 220 കെ.വി. സബ് സ്റ്റേഷനുമായി ലൈന്‍ ബന്ധിപ്പിക്കുന്നതിനാല്‍ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാകുന്നതോടെ പ്രസരണനഷ്ടം വളരെയധികം കുറയുകയും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കപ്പെടുകയുംചെയ്യും.

വെള്ളാപ്പറമ്ബ്‌ മുതല്‍ ശ്രീകണ്ഠപുരംവരെയുള്ള പ്രദേശങ്ങളിലെ കുന്നുകളും മലകളും പുഴകളും നിരവധി റോഡുകളും മുറിച്ചുകടന്ന് ഏകേദശം 12.5 കിലോമീറ്റര്‍ നീളത്തിലാണ് പുതിയ 110 കെ.വി. ഡബ്ള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മിച്ചത്. 35 ടവറുകളാണ് ഇതിനുവേണ്ടി നിര്‍മിച്ചത്. വീടുകളില്‍നിന്നും മറ്റു കെട്ടിടങ്ങളില്‍നിന്ന്‌ പരമാവധി ഉയരം ഉറപ്പുവരുത്തുന്നതിനുവേണ്ടി 220 കെ.വി.യുടെ വലിയ ടവറുകളാണ് പല പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്നത്. ശ്രീകണ്ഠപുരം മേഖലയില്‍ നടപ്പാക്കിയ ഏറ്റവുംവലിയ പദ്ധതിയാണിത്.

കഴിഞ്ഞവര്‍ഷം നവംബറിലാണ്‌ ലൈന്‍വലിക്കുന്ന ജോലികള്‍ ആരംഭിച്ചത്. മോശം കാലാവസ്ഥയായതിനാല്‍ പല ബുദ്ധിമുട്ടുകളും സഹിച്ചാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. പുതിയ ടവര്‍ സ്ഥാപിക്കുന്നതിനുള്ള ടവര്‍ ഫൗേണ്ടേഷന്‍ നിര്‍മാണം, പഴയ 66 കെ.വി. ടവറുകളും ലൈനുകളും നീക്കംചെയ്യല്‍, പുതിയ 110 കെ.വി. ടവറുകളുടെ നിര്‍മാണം, പുതിയ 110 കെ.വി. ലൈന്‍ വലിക്കല്‍, 22 മീറ്റര്‍ വീതിയില്‍ മരങ്ങള്‍ മുറിച്ചുമാറ്റല്‍ എന്നിങ്ങനെ എല്ലാ പണികളും പൂര്‍ത്തിയാക്കിയശേഷമാണ് ചാര്‍ജ്ജ്‌ചെയ്തത്.

തൃശ്ശൂരിലെ എ.എം.ആര്‍. കണ്‍സ്ട്രക്‌ഷന്‍സ് ആണ് പദ്ധതിയുടെ നിര്‍മാണ കരാര്‍ ഏറ്റെടുത്തത്. കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.വി.പ്രസാദ്, സബ് എന്‍ജിനീയര്‍ മുഹമ്മദ് സിയാദ് എന്നിവര്‍ നേതൃത്വംനല്‍കി. വളരെയധികം അപകടസാധ്യതയുള്ള ജോലികള്‍ സുരക്ഷിതമായി നടപ്പാക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 110 കെ.വി. ലൈന്‍ നിര്‍മാണ വിഭാഗത്തിലുള്ള കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍.

ഉദ്ഘാടനം 19-ന്

110 കെ.വി.യായി ഉയര്‍ത്തിയ ശ്രീകണ്ഠപുരം ഇലക്‌ട്രിസിറ്റി സബ് സ്റ്റേഷന്റെ ഉദ്ഘാടനം 19-ന് മന്ത്രി എം.എം.മണി നിര്‍വഹിക്കും. സംഘാടകസമിതി രൂപവത്കരണയോഗം അഞ്ചിന് വൈകുന്നേരം നാലിന് ശ്രീകണ്ഠപുരം നഗരസഭാ ഹാളില്‍ ചേരും.