ഖാദിയെ രക്ഷിക്കാം, ഒപ്പം ഭൂമിയെയും
പയ്യന്നൂര്‍: ഖാദിയെയും ഭൂമിയെയും രക്ഷിക്കാനുള്ള മാര്‍ഗവുമായി എട്ടിക്കുളം മുഹമ്മദ്‌അബ്ദുറഹിമാന്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊച്ചുമിടുക്കന്മാര്‍. തിരുവനന്തപുരത്ത് രണ്ട്, മൂന്ന് തീയതികളില്‍ നടന്ന 27-ാമത് ബാലശാസ്ത്ര കോണ്‍ഗ്രസ് ശാസ്ത്ര പ്രോജക്‌ട് മത്സരത്തിലാണ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥികളായ ഇ.ഷാമിറും മുഹമ്മദ് അസ്മിയും ഒന്നാംസ്ഥാനം നേടിയത്. പ്ലാസ്റ്റിക്കിനെ അകറ്റണം എന്നുപറയുന്ന സര്‍ക്കാര്‍ തന്നെ വനവത്കരണത്തിന്റെ പേരില്‍ ലക്ഷക്കണക്കിന് പ്ലാസ്റ്റിക് കവറുകള്‍ ഭൂമിക്കടിയിലേക്ക് തള്ളുന്നതിന് പരിഹാരവുമായി ഖാദി തുണിക്കവറുകള്‍ പരീക്ഷിച്ച് വിജയിച്ചാണ് വിദ്യാര്‍ഥികള്‍ സമൂഹത്തിന് മാതൃകയായിരിക്കുന്നത്.
ജൂണ്‍ അഞ്ചിന് സ്കൂളില്‍ നടന്ന പരിസ്ഥിതിദിനാഘോഷവേളയില്‍ പ്ലാസ്റ്റിക്കാണ് ഭൂമിയുടെ ഇന്നത്തെ പ്രധാന വില്ലന്‍, പ്ലാസ്റ്റിക്കിനെ അകറ്റുക എന്ന മുഖ്യാതിഥിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ വനംവകുപ്പില്‍നിന്ന് പ്ലാസ്റ്റിക് കൂടുകളിലുള്ള വൃക്ഷത്തൈകള്‍ കൈയില്‍ കിട്ടിയപ്പോഴാണ് പ്രസംഗത്തിലെയും പ്രവൃത്തിയിലെയും വൈരുധ്യം കുട്ടികളുടെ കണ്ണില്‍ പെട്ടത്.
ഇക്കാര്യം ശാസ്ത്ര പ്രോജക്ടുകള്‍ക്ക് കുട്ടികളോടൊപ്പമുള്ള സ്കൂളിലെ അധ്യാപകന്‍ കെ.സി.സതീശനോട് സംശയമായി ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരത്തില്‍നിന്നാണ് ഇങ്ങനെയൊരു പ്രോജക്ടിലേക്ക് കുട്ടികള്‍ എത്തിയത്. സര്‍ക്കാര്‍ ചെലവില്‍ കൃഷിഭവനുകള്‍, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് എന്നിവിടങ്ങളില്‍നിന്ന് മാത്രം 23 കോടിയിലധികം അഥവാ 13,300 ടണ്‍ പ്ലാസ്റ്റിക് കവറുകളാണ് പ്രതിവര്‍ഷം പരിസ്ഥിതിയിലേക്ക് തള്ളപ്പെടുന്നത് എന്ന സത്യം കുട്ടികളെ തെല്ലെന്നുമല്ല അമ്ബരപ്പിച്ചത്. സ്വകാര്യ നഴ്സറികളില്‍നിന്നുള്ളത് ഇതിന്റെ എത്രയോ ഇരട്ടിയും. തുടര്‍ന്ന് ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് കൂടുകള്‍ക്ക് പകരം ഖാദി തുണിക്കവറുകള്‍ എന്ന നൂതന ആശയം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അംഗീകരിക്കപ്പെടുകയും, കളക്ടര്‍, ആര്‍.ഡി.ഒ. എന്നിവരെ നേരിട്ട് ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ പറ്റിയതിന്റെയും ആവേശത്തിലാണ് കുട്ടികള്‍ .
നിരവധി തവണ ശാസ്ത്ര പ്രവൃത്തിപരിചയമേളയില്‍ സംസ്ഥാന അംഗീകാരം നേടിയ കുട്ടികളുടെ ഗൈഡായ അന്നൂര്‍ സ്വദേശി കെ.സി.സതീശനും കൂട്ടിനുണ്ട്. ചെറിയൊരു സമയത്തെ ആവശ്യത്തിനുമാത്രം ഉപയോഗിച്ചശേഷം ഉപേക്ഷിക്കപ്പെടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്ന ലക്ഷോപലക്ഷം പ്ലാസ്റ്റിക് കൂടുകളില്‍നിന്ന് മോചനവും അത്രയുംതന്നെ ഗ്രാമീണ കൈത്തറി തൊഴിലാളികളുടെ പുനരധിവാസവും ഒറ്റ ആശയത്തില്‍ നടപ്പാക്കിയിരിക്കുകയാണ് ഈ വിദ്യാര്‍ഥികള്‍.
മില്‍മയിലൂടെ പുറംതള്ളുന്ന പ്ലാസ്റ്റിക് കവറുകള്‍ക്കുപകരം റബ്ബര്‍ കവറുകള്‍ ഉപയോഗിച്ചാല്‍ പ്ലാസ്റ്റിക് ഒഴിവാക്കുന്നതുപോലെ തന്നെ റബ്ബര്‍ കര്‍ഷകരെ സഹായിക്കാം എന്നതും പോലീസ് സ്റ്റേഷന്‍ വളപ്പില്‍ തുരുമ്ബെടുത്തു നശിക്കുന്ന വാഹനങ്ങളുടെ കണക്ക് കോടതിയിലെത്തിച്ച് വിധി സമ്ബാദിച്ചതും ഇവിടത്തെ വിദ്യാര്‍ഥികള്‍ തന്നെ. ബെംഗളൂരുവില്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയിലും ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും കേരളത്തെ പ്രതിനിധീകരിച്ച് ഇവര്‍ മത്സരിക്കും.


0 Comments