പുതുക്കിയ മൊബൈല്‍ സേവന നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍
കൊച്ചി : മൊബൈല്‍ ഫോണ്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 42 ശതമാനമാണ് നിരക്കുകളില്‍ വരുന്ന വര്‍ധന. മൊബൈല്‍ഫോണ്‍ സേവന ദാതാക്കളായ വൊഡാഫോണ്‍ ഐഡിയയാണ് ആദ്യം നിരക്ക് കൂട്ടുക. റിലയന്‍സ് ജിയോയുടെ നിരക്ക് വര്‍ധന വെള്ളിയാഴ്ച നിലവില്‍ വരും.
പുതിയ നിരക്ക് അനുസരിച്ച് വോഡഫോണ്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ വിവിധ പ്ലാനുകളില്‍ ആയി പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെ വര്‍ധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന പരിധിയില്ലാത്ത കോളുകള്‍ക്കും നിയന്ത്രണമാകും. മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക.
28 ദിവസ പ്ലാനുകളില്‍ ആയിരം മിനിറ്റും 84 ദിവസത്തേതില്‍ 3000 മിനിട്ടും ഒരു വര്‍ഷത്തേതില്‍ 12,000 മിനിറ്റുമാണ് ഇനി സൗജന്യമായി ലഭിക്കുക. ഇതിനു ശേഷം മിനിട്ടിന് ആറു പൈസ വീതം നല്‍കണം. എയര്‍ടെല്ലും റിലയന്‍സ് ജിയോയും, ബിഎസ്‌എന്‍എല്ലും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ 40 ശതമാനം നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് ഈ നിരക്ക് നിലവില്‍ വരുക.
ടെലികോം കമ്ബനികളുടെ നഷ്ടം കൂടിയ സാഹചര്യത്തിലാണ് നിരക്ക് വര്‍ധന. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്ബനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന ആശങ്ക ട്രായിക്കുണ്ട്.


0 Comments