പച്ചപ്പണിഞ്ഞ് ഈയ്യഭരണിത്തുരുത്ത്




നടുവില്‍: ആലക്കോട് പഞ്ചായത്തിലെ ഈയ്യഭരണിത്തുരത്ത് പച്ചത്തുരുത്താക്കാന്‍ നടപടികള്‍ വരുന്നു. ഇതിന്റെ ഭാഗമായി പഞ്ചായത്ത് ജൈവവൈവിധ്യ കമ്മിറ്റി കഴിഞ്ഞദിവസം തുരുത്ത് സന്ദര്‍ശിച്ചു. പ്രസിഡന്‍റ്്‌ മോളി മാനുവല്‍, സെക്രട്ടറി ഹഫ്സത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുരുത്ത് സംരക്ഷിച്ച്‌ പച്ചത്തുരുത്താക്കാന്‍ പ്രാഥമികനടപടികള്‍ കൈക്കൊള്ളുമെന്ന് ഇവര്‍ കമ്മിറ്റി അംഗങ്ങളെ അറിയിച്ചു.

രയരോം പുഴയുടെ പരപ്പ ഭാഗത്താണ് ഈയ്യഭരണിത്തുരുത്ത്. അഞ്ചേക്കര്‍ സ്ഥലം വരുമിത്. ഇതില്‍ മൂന്നരഏക്കറും മഴക്കാലത്ത് വെള്ളംകയറാത്ത സ്ഥലമാണ്. മരോട്ടി, ഇഞ്ച, വള്ളിക്കാഞ്ഞിരം, നീര്‍മാതളം തുടങ്ങിയ സസ്യജാലങ്ങളാല്‍ സമൃദ്ധമാണ്. ഒട്ടേറെ പക്ഷികളും തുരത്തില്‍ എത്താറുണ്ട്. ഈറ്റ, തഴപോലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ച്‌ തുരുത്ത് സംരക്ഷിക്കുവാന്‍ കഴിയും.

ഈയ്യഭരണിക്കയം

ഈയ്യഭരണിക്കയത്തോട് ചേര്‍ന്നാണ് തുരുത്ത് സ്ഥിതിചെയ്യുന്നത്. രായരോം പുഴയില്‍ ആഴമുള്ള കയങ്ങളില്‍ ഒന്നാണിത്. കയത്തിന്റെ നടുവില്‍ കിണറിനോളം പോന്ന കുഴിയുണ്ട്. കനത്ത വേനലിലും വറ്റാറില്ല ഈ കുഴി. അപകടസാധ്യതയുള്ള സ്ഥലം കൂടിയാണിത്. കുട്ടാപറമ്ബ് വഴിയും ഈയ്യഭരണിത്തുരുത്തില്‍ എത്താം.