കേരള പോലീസിന്റെ കൂറ് നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കണം: ഷാഫി പറമ്ബില്‍
തിരുവനന്തപുരം: കേരളത്തിലെ പോലീസിന്റെ കൂറ് ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരിലല്ലെന്ന് ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കണമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് ഷാഫി പോലീസ് നടപടികള്‍ക്കെതിരെ ആഞ്ഞടിച്ചത്. യുഎപിഎയും എന്‍ഐഎയും കേരളത്തിലേക്ക് വലിച്ചിഴക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പലപാര്‍ട്ടികള്‍ മാറിവന്ന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന് ബിജെപിയുടെ വിഭജന രാഷ്ട്രീയത്തിന് കുട പിടിക്കുകയാണെന്നും ഷാഫി പറഞ്ഞു. കേരള ഗവര്‍ണര്‍ യുപിയിലെ അബ്ദുള്ളക്കുട്ടിയാണെന്ന് പറയുന്നത് കേട്ടു. പലപാര്‍ട്ടികള്‍ മാറിവന്ന അദ്ദേഹം വിവേചനത്തിന് കുടപിടിക്കുകയാണ്. സൈന്യം രാഷ്ട്രീയത്തില്‍ അഭിപ്രായം പറയുന്നത് പാക്കിസ്ഥാനില്‍നിന്നു മാത്രമാണ് കേട്ടിട്ടുള്ളത്. അത് ഇന്ത്യയില്‍നിന്നും അടുത്തിടെ ഉണ്ടായെന്നും ഷാഫി ചൂണ്ടിക്കാട്ടി.
ഇന്ത്യയെ മറ്റൊരു പാക്കിസ്ഥാനാക്കി മാറ്റാനുള്ള ശ്രമമാണ് മോദിയും അമിത് ഷായും നടത്തുന്നത്. അവിടെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന നയങ്ങള്‍ ഇന്ത്യയുടെ മണ്ണിലും നടപ്പിലാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയെ വിവേചനത്തിന്റെ മണ്ണാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ ജിന്നയുടെ പിന്മുറക്കാരാണ്. ജിന്ന നടത്തിയതിനേക്കാള്‍ വലിയ വിഭജനത്തിനാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്ത്യയെന്നാല്‍ മോദിയും അമിത് ഷായും അല്ല. അത് ഇന്ത്യയിലെ കോടാനുകോടി ജനങ്ങളാണെന്നും ഷാഫി പറഞ്ഞു.


0 Comments