നവോദയക്കുന്ന് വ്യവസായ പാര്‍ക്ക് ഉപേക്ഷിക്കണം -വി.എം.സുധീരന്‍
പാനൂര്‍: നവോദയക്കുന്ന് കേന്ദ്രീകരിച്ച് സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായ പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കണമെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. വ്യവസായ കേന്ദ്രത്തിനെതിരേ സേവ് നവോദയ സേവ് ലൈഫ് എന്ന കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന 34 മണിക്കൂര്‍ നിരാഹാരസമരം ചെണ്ടയാട് ദീപികാ ഗ്രൗണ്ടില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സുരക്ഷിതമായ ജീവിതം പ്രദാനംചെയ്യുന്നതാകണം വികസനം. പദ്ധതി വരുന്നതോടെ ചെണ്ടയാട്ടെയും വള്ള്യായിയിലെയും 273 വീടുകള്‍ ഇല്ലാതാകും.
പരിസ്ഥിതി സൗഹൃദ വികസനമാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുമ്ബോള്‍ തന്നെ, പരിസ്ഥിതിയെ നശിപ്പിച്ച് നവോദയ കുന്നില്‍ വികസനം കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ഭാസ്കരന്‍ വയലാണ്ടി അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി, ആര്‍.എം.പി. നേതാവ് കെ.കെ.രമ, ബി.ജെ.പി. ജില്ലാ സെക്രട്ടറി വി.പി.സുരേന്ദ്രന്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സി.കെ.മുഹമ്മദലി, എ.പി.രാജു, അഡ്വ. വി.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജനപ്രതിനിധികളായ ഭാസ്കരന്‍ വയലാണ്ടി, സി.വി.എ.ജലീല്‍, റോബോര്‍ട്ട് വെള്ളാം വെള്ളി, സമരസമിതി അംഗങ്ങളായ എ.പി.രാജു, പി.പി.സുബിന്‍, എ.പി.അശോകന്‍, പി.വിജേഷ്, കല്ലി പുരുഷു, എ.രവീന്ദ്രന്‍ എന്നിവരാണ് 34 മണിക്കൂര്‍ നിരാഹാരമിരിക്കുന്നത്.
ഇവര്‍ക്കൊപ്പം 1000 പേരുടെ റിലേ നിരാഹാരവും ഉണ്ട്. തിങ്കളാഴ്ച വൈകീട്ട് ആറിന് സമാപനസമ്മേളനം കെ.സുധാകരന്‍ എം.പി. ഉദ്ഘാടനംചെയ്യും


0 Comments