മയ്യഴിപ്പുഴയില്‍ മൂന്നുവര്‍ഷത്തേക്ക് മണലെടുപ്പ് നിരോധിച്ചു
പെരിങ്ങത്തൂര്‍: മയ്യഴിപ്പുഴയില്‍നിന്ന് മണലെടുക്കുന്നതിന് മൂന്നുവര്‍ഷത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. മണല്‍ ഓഡിറ്റിലെ പരാമര്‍ശങ്ങള്‍ പരിശോധിച്ചാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്.
പുഴയിലെ ഖനനംചെയ്യാവുന്ന മണല്‍ലഭ്യതയുടെ പട്ടികയും ഓഡിറ്റിന്റെ ഭാഗമായുണ്ട്. മുഡിക്കല്‍ പാലംമുതല്‍ പെരിങ്ങത്തൂര്‍ പാലംവരെയുള്ള 29 കിലോമീറ്റര്‍ പ്രദേശത്തെ 289 സ്ഥലങ്ങളില്‍നിന്ന് ക്രോസ് സെക്‌ഷനുകള്‍ എടുത്താണ് ലഭ്യത പരിശോധിച്ചത്. കോഴിക്കോട് ജില്ലയിലെ വാണിമേല്‍, വളയം, ചെക്യാട്, നരിപ്പറ്റ, നാദാപുരം, തുണേരി, എടച്ചേരി എന്നീ പഞ്ചായത്ത് പ്രദേശങ്ങളും കണ്ണൂര്‍ ജില്ലയിലെ തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത്, പാനൂര്‍ നഗരസഭാ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ചെക്യാട് പഞ്ചായത്ത് ഒഴികെയുള്ള പ്രദേശങ്ങളില്‍ ഖനനംചെയ്യാവുന്ന മണല്‍ ഇല്ലെന്നാണ് കണ്ടെത്തല്‍. ഈ പഞ്ചായത്തില്‍ 288.45 ഘനമീറ്റര്‍ മണല്‍ ഉണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. ഇവിടെ നിബന്ധനകള്‍ക്ക് വിധേയമായി മണല്‍നീക്കത്തിന് അനുമതിയുണ്ടാവും. നദീതീരങ്ങളുടെയും ജൈവ-ഭൗതിക പരിസ്ഥിതി സംവിധാനങ്ങളുടെയും സംരക്ഷണം ഉറപ്പുവരുത്താനാണ് നടപടി.
അനധികൃത മണല്‍വാരല്‍ നിയന്ത്രിക്കാന്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശംനല്‍കി.


0 Comments