കേരളം വഴി ലഹരികടത്ത്; ദോഹയില്‍ പിടിയിലായവര്‍ 95
കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ ഹെറോയിനും കൊക്കെയ്നും ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കടത്തിയതിന് ഒരു വര്‍ഷത്തിനിടെ ദോഹയില്‍ പിടിയിലായത് 95 പേര്‍. ഖത്തര്‍ ജയിലിലുള്ള ഇവരില്‍ പകുതിയിലേറെയും മലയാളികളും ബാക്കി തമിഴ്‌നാട്ടുകാരുമാണ്. കഞ്ചാവ്, ഹെറോയിന്‍, കൊക്കെയ്ന്‍, എംഡിഎംഎ (മെഥിലിന്‍ ഡയോക്‌സി മെഥാംഫിറ്റമിന്‍) തുടങ്ങിയവ കടത്തിയവരാണ് പിടിയിലായത്.
ഇതെത്തുടര്‍ന്നു കേരളത്തിലെ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കു കസ്റ്റംസ് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഖത്തര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രണ്ട് മാസം മുന്‍പ് കേരളത്തിലെത്തി ഇക്കാര്യം കസ്റ്റംസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ രാത്രി പരിശോധനയ്ക്ക് രണ്ട് വീതം സൂപ്രണ്ടുമാരെയും ഇന്‍സ്‌പെക്ടര്‍മാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലും പരിശോധന നടത്തുന്നുണ്ട്. മാസത്തില്‍ 2 തവണയെങ്കിലും സംഘം സംസ്ഥാനത്തെ 4 വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നാണു നിര്‍ദേശം.


0 Comments