കേന്ദ്രമന്ത്രിസഭയില്‍ പങ്കാളിത്തം വേണം; തുഷാര്‍ വെള്ളാപ്പള്ളി മോദിയെയും അമിത് ഷായെയും കണ്ടു




തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭയില്‍ പ്രാതിനിധ്യത്തിനു വേണ്ടി ബിഡിജെഎസ് സമ്മര്‍ദം ശക്തമാക്കിയതായി റിപ്പോര്‍ട്ട്. ഇക്കാര്യം സംസാരിക്കുന്നതിനായി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും കണ്ടതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അധികാരത്തില്‍ പങ്കാളിത്തം നല്‍കുന്നതു സംബന്ധിച്ച്‌ ബിജെപിയും ബിഡിജെഎസും തമ്മിലുള്ള തര്‍ക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന എന്‍ഡിഎയെ പ്രതിസന്ധിയില്‍ എത്തിച്ചിരുന്നു. ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പ്രതീക്ഷിച്ച പോലെ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ബിജെപിക്കെതിരെ ബിഡിജെഎസ് രംഗത്തുവരികയായിരുന്നു. ഇതിനൊടുവിലാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ സ്‌പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചത്. ബിഡിജെഎസ് സെക്രട്ടറി പദ്മകുമാറിനെ ഐടിഡിസി ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണത്തെ അബദ്ധം ഇത്തവണ ആവര്‍ത്തിക്കാതിരിക്കാനാണ്, തുടക്കം മുതല്‍ സമ്മര്‍ദം ശക്തമാക്കി മുന്നോട്ടുപോവാന്‍ ബിഡിജെഎസ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് തുഷാര്‍ വെള്ളാപ്പള്ളി ബിജെപി കേന്ദ്ര നേതാക്കളെ സന്ദര്‍ശിച്ചത് എന്നാണ് സൂചന. നരേന്ദ്രമോദി, അമിത് ഷാ എന്നിവര്‍ക്കു പുറമേ മറ്റു ചില നേതാക്കളെയും തുഷാര്‍ കണ്ടതായി വാര്‍ത്തകളുണ്ട്.