ബാവലിപ്പുഴിൽ വ്യാപകമായി അടിഞ്ഞുകൂടിയ മൺകൂനകൾ നീക്കംചെയ്യുന്ന പ്രവൃത്തികൾ തുടങ്ങി
കണിച്ചാർ പഞ്ചായത്തിലാണ് മണ്ണുനീക്കമിപ്പോൾ പുരോഗമിക്കുന്നത്. ഭൂജലവകുപ്പിന്റേതാണ് പദ്ധതി. കണിച്ചാറിൽ നാലു ഭാഗങ്ങളിലാണ് പ്രവൃത്തി നടക്കുന്നത്. ഓടന്തോട്, അണങ്ങോട്, മാണിപ്പറമ്പ്, കാളികയം. ഇതിൽ മൂന്നുഭാഗങ്ങളിൽ പണികൾ പൂർത്തിയായി. മാണിപ്പറമ്പിലേത് പുരോഗമിക്കുന്നു. ബാവലിപ്പുഴയുടെ പലഭാഗങ്ങളിലായി മൂന്നാഴ്ച മുമ്പാണ് മണ്ണ് നീക്കൽ പ്രവൃത്തി തുടങ്ങിയത്. പുഴയുടെ മധ്യഭാഗത്ത് രൂപപ്പെട്ടിരിക്കുന്ന തുരുത്തുകൾ രണ്ടു വശങ്ങളിലേക്കും നീക്കി മധ്യത്തിലൂടെത്തന്നെ പുഴയൊഴുക്ക് പുനസ്ഥാപിക്കാനുദ്ധേശിച്ചുള്ളതാണ് പ്രവൃത്തി. ഉരുൾപ്പൊട്ടലും പ്രളയത്തിലും നാശമുണ്ടായ പുഴകളും സ്ഥലങ്ങളും വീണ്ടെടുക്കുന്നതിനായി കേന്ദ്രസർക്കാർ 537 കോടി രൂപയാണ് കേരളത്തിനു വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഭൂജലവകുപ്പ് മണ്ണുനീക്കൽ പ്രവൃത്തികളും നടത്തുന്നത്.
കഴിഞ്ഞ രണ്ടുവർഷങ്ങളിലുമായി പുഴയിൽ രൂപപ്പെട്ട ചെറുതുരുത്തുകൾ പുഴയുടെ ഒഴുക്കിനെ ബാധിക്കുന്നതരത്തിലായിരുന്നു. നടുഭാഗങ്ങളിൽ മണ്ണടിഞ്ഞ് അരികുകളിലൂടെ മാത്രം പുഴയൊഴുകുന്ന നിലയിലാണുണ്ടായിരുന്നത്. ഇത്തരത്തിൽ അരികുകളിലൂടെ ഒഴുകുന്നത് പുഴയോടു ചേർന്ന ഭാഗങ്ങളിൽ വ്യാപകമായി കരയിടിയുന്നതിനു കാരണമാക്കിയിരുന്നു. കഴിഞ്ഞ മഴക്കാലത്ത് കൊട്ടിയൂർ, ചുങ്കക്കുന്ന് ഭാഗങ്ങളിൽ കരയിടിച്ചിൽ വീടുകൾക്കുൾപ്പെടെ ഭീഷണിയുയർത്തി.
കഴിഞ്ഞ മഴക്കാലത്തടക്കം പുഴകരകവിഞ്ഞതും വഴിമാറിയൊഴുകിയതിനും കാരണം അടിഞ്ഞുകൂടിയ മൺകൂനകളായിരുന്നു. അത് നീക്കം ചെയ്യുന്നത് വരും വർഷങ്ങളിൽ പുഴകരകവിയുന്നത് ഒരുപരിധിവരെ തടയാനാകുമെന്ന് കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്റ്റാനി എടത്താഴെ പറഞ്ഞു. പഞ്ചായത്തിലെ തന്നെ പുഴയിൽ മൺകൂനകൾ രൂപപ്പെട്ടിട്ടുള്ള മടപ്പുരച്ചാൽ, അണങ്ങോട് കോളനിഭാഗങ്ങളിലും മണ്ണുനീക്കം നടത്താനുദ്ദേശിക്കുന്നു.-അദ്ദേഹം പറഞ്ഞു.
കണിച്ചാർ പഞ്ചായത്തിലെ പ്രവൃത്തികൾ പൂർത്തിയായശേഷം കേളകം, കൊട്ടിയൂർ പഞ്ചായത്തു പരിധികളിലും മണ്ണുനീക്കം നടക്കും


0 Comments