പോലീസ് സേനയിലെ വകുപ്പുതലപരീക്ഷകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍
തിരുവനന്തപുരം : സംസ്‌ഥാന പോലീസ് നടത്തുന്ന വകുപ്പുതല പരീക്ഷകള്‍ ക്യാമറ നിരീക്ഷണത്തിലാക്കാന്‍ പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ ഉത്തരവിട്ടു. പി.എസ്.സി പരീക്ഷാ വിവാദം, കേരള സര്‍വകലാശാല പരീക്ഷാ ക്രമക്കേട് എന്നിവയെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി നല്‍കിയ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണ് ഈ നടപടി.
ജനറല്‍ ഹെഡ്‌കോണ്‍സ്‌റ്റബിള്‍ പരീക്ഷ, ഹവില്‍ദാര്‍ സ്‌ഥാനക്കയറ്റ പരീക്ഷ, നിര്‍ബന്ധിത പരീക്ഷകള്‍ തുടങ്ങി സേനയ്‌ക്കുളളിലെ പരീക്ഷകള്‍ നടക്കുന്ന ഹാളികളല്‍ നിരീക്ഷണക്യാമറകളുണ്ടാകും. തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളജ്, തൃശൂര്‍ പോലീസ് അക്കാദമി, ജില്ലാ പോലീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വകുപ്പുതല പരീക്ഷകള്‍ നടക്കുന്നത്. പോലീസ് അക്കാദമിയിലും ട്രെയിനിങ് കോളജിലും സ്‌ഥിരമായി കാമറകളും മറ്റ് പരീക്ഷാ കേന്ദ്രങ്ങളില്‍ പോര്‍ട്ടബിള്‍ കാമറകളും സ്‌ഥാപിക്കും.
പോലീസിന്റെ ശാരീരിക ക്ഷമത പരീക്ഷകളിലും ക്രൈംബ്രാഞ്ച് പ്രവേശനത്തിനുളള യോഗ്യതാ പരീക്ഷകളിലും ഇതിനോടകംതന്നെ കാമറ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. പോലീസ് വകുപ്പ് പരീക്ഷകളിലെ ചോദ്യങ്ങള്‍ തയാറാക്കുന്നതും ഇന്‍വിജിലേറ്റര്‍മാരായി എത്തുന്നതും മാര്‍ക്ക് നിര്‍ണയിക്കുന്നതും സേനയിലെ പോലീസ് ഉദ്യോഗസ്‌ഥരാണ്. ഇതിന്റെ നടത്തിപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നുവെന്ന ആരോപണത്തിന്റെ അടിസ്‌ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി ഇതുസംബന്ധിച്ച നിര്‍ദേശം തയാറാക്കിയത്. റാങ്ക്‌പട്ടികയുടെ കാലാവധി തീരുംവരെ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് സൂക്ഷിക്കണമെന്നു ശിപാര്‍ശയുണ്ട്.


0 Comments