സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന്റെ ആത്മകഥയുടെ അച്ചടിയും വിതരണവും നിര്‍ത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി




കൊച്ചി : 'കര്‍ത്താവിന്റെ നാമത്തില്‍' എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുള്ള സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ആത്മകഥയുടെ അച്ചടിയും വിതരണവും നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. എസ്.എം.ഐ സന്ന്യാസിനി സഭാംഗമായ സിസ്റ്റര്‍ ലിസിയ ജോസഫിന്റെ ഹര്‍ജിയാന് കോടതി തള്ളിയിരിക്കുന്നത്.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ കന്യാസ്ത്രീകള്‍ക്കും വൈദീകര്‍ക്കും മൊത്തത്തില്‍ മാനക്കേട് ഉണ്ടാക്കുന്നതാനെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹര്‍ജിയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര, ഡി.സി ബുക്‌സ്, ഡിജിപി, ചീഫ് സെക്രട്ടറി എന്നിവരെയാണ് എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.

പുസ്തകത്തില്‍ വൈദീകര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സിസ്റ്റര്‍ ലൂസി ഉയര്‍ത്തിയിരുന്നത്. മഠങ്ങളില്‍ സന്ദര്‍ശകരെന്ന വ്യാജേന എത്തുന്ന വൈദീകര്‍ ലൈംഗീക ചൂഷണം നടത്താറുണ്ടെന്നും മഠത്തില്‍ കഴിഞ്ഞിരുന്ന കന്യാസ്ത്രീ പ്രസവിച്ചുവെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ ലൂസി പുസ്തകത്തിലൂടെ തുറന്നടിച്ചത്. കന്യാസ്ത്രീ ആയതിന് ശേഷം തനിക്കു നേരെ പീഡന ശ്രമം ഉണ്ടായെന്നും സിസ്റ്റര്‍ ലൂസി പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.