കര്‍ണാടകയിലെ നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നാളെ





കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലേക്ക് നിര്‍ണായക ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. അതീവ സുരക്ഷയിലാണ് വോട്ടെടുപ്പ്. വോട്ടുറപ്പിക്കാനുള്ള അവസാന ശ്രമങ്ങളിലാണ് പാര്‍ട്ടികള്‍.

സഖ്യം അടഞ്ഞ അധ്യായമല്ലെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനവും ബി.ജെ.പി വിരുദ്ധ നിലപാടിലേക്ക് ജെ.ഡി.എസ് എത്തിയതുമാണ് ഉപതെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് ആറ് സീറ്റുകള്‍ മതി. കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന ആത്മവിശ്വാസമാണ് ബി.ജെ.പിക്കുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ സര്‍വെ ഫലങ്ങളെല്ലാം ബി.ജെ.പിക്ക് അനുകൂലവുമാണ്.

12 സീറ്റുകളെങ്കിലും നേടി ജെ.ഡി.എസിനൊപ്പം ഭരണം തുടരാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അയോഗ്യരാക്കപ്പെട്ട 13 വിമതര്‍ ബി.ജെ.പിക്കായി മത്സര രംഗത്തുണ്ട്. ഇവര്‍ക്ക് സീറ്റ് നല്‍കിയതില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് തന്നെ അതൃപ്തിയുണ്ട്. ഇതെല്ലാം അനുകൂലമായി മാറുമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നു. ശക്തമായ സുരക്ഷയാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ബംഗളുരു നഗരം ഉള്‍പ്പെട്ട നാല് മണ്ഡലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.