കാട്ടുപന്നിയെ വെടിവയ്ക്കാം. ഇവര്‍ക്ക് മാത്രം!
പത്തനംതിട്ട: മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന കാട്ടുപന്നികളെ തുരത്താനുള്ള അധികാരം താഴെത്തട്ടിലേക്കു നല്കി പുറത്തിറക്കിയ ഉത്തരവും കര്‍ഷകനു ഗുണകരമല്ല. ശല്യമുണ്ടാക്കുന്ന പന്നികള്‍ പ്രശ്നകാരികളെന്ന് ഉത്തമ ബോധ്യമുണ്ടെങ്കില്‍ നേരത്തെയുള്ള ഉത്തരവുകള്‍ അനുസരിച്ചു വനം ഡിവിഷണല്‍ ഓഫീസര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡനും വെടിവയ്ക്കാനുള്ള നിര്‍ദേശം നല്കാമെന്നതാണു പുതിയ തീരുമാനം. നേരത്തെ ഇത്തരത്തില്‍ ഒരു നിര്‍ദേശം നല്‍കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മാത്രമായിരുന്നു. എന്നാല്‍, മനുഷ്യവാസ കേന്ദ്രത്തില്‍ യാദൃച്ഛികമായി പെട്ടുപോകുന്ന പന്നികളെ അധികാരം ഉപയോഗിച്ചു കൊല്ലാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടെ ഒരു തവണയെങ്കിലും കാട്ടുപന്നി ആക്രമണമുണ്ടായിട്ടുള്ള വാര്‍ഡുകളില്‍ കടന്നുവരുന്ന പ്രശ്നക്കാരായ പന്നികളെ പരിഗണിക്കാം. മൂന്നു വര്‍ഷത്തിനുള്ളില്‍ കൃഷിയിടത്തിലുണ്ടായ നഷ്ടങ്ങള്‍ക്ക് 10 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരമായി നല്‍കിയിട്ടുള്ള വാര്‍ഡുകളിലും ഇത്തരത്തില്‍ നടപടി സ്വീകരിക്കാം. നേരത്തേയുള്ള മാര്ഗനിര്ദേശങ്ങള്ക്കനുസൃതമായിട്ടു മാത്രമേ കാട്ടുപന്നിയെ കൊല്ലാനാകൂ.
ഗര്‍ഭിണികളോ മുലയൂട്ടുന്നതോ ആയ പന്നികളെ കൊല്ലരുത്. തീവ്രമായ ശല്യമുള്ള പന്നികളാണെന്നു ഡിഎഫ്ഒയോ വൈല്‍ഡ് ലൈഫ് വാര്‍ഡനോ അധ്യക്ഷനും പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡംഗം, റേഞ്ച് ഓഫീസര്‍, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസര്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദേശിക്കുന്ന സര്‍ക്കാരിതര ഏജന്‍സിയുടെ പ്രതിനിധി എന്നിവര്‍ ചേര്‍ന്ന കമ്മിറ്റി വിലയിരുത്തും. ഇത്തരത്തില്‍ സമിതിയുടെ ശിപാര്‍ശയോടെ മാത്രമേ ബന്ധപ്പെട്ട വാര്‍ഡുകളില്‍ തീരുമാനമെടുക്കാനാകൂ. വെടിവയ്ക്കാനുള്ള അധികാരം പ്രയോഗിക്കേണ്ടിവന്നാല്‍ ബന്ധപ്പെട്ട വനംവകുപ്പ് മേലുദ്യോഗസ്ഥന് തന്നെ പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജനം അടക്കമുള്ള വിഷയങ്ങള്‍ വിശകലനം ചെയ്യണം. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി പഞ്ചായത്തിലെ ജനപ്രതിനിധികളുടെ പങ്കാളിത്തത്തോടെ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.


0 Comments