പൂക്കള്‍ വിടര്‍ന്നു... ഇനി ഉത്സവക്കാലം
അമ്ബലവയല്‍: കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളില്‍ വിടര്‍ന്നുവിലസുന്ന പൂക്കള്‍. ആര്‍ത്തുല്ലസിക്കാന്‍ ഊഞ്ഞാലും കളിക്കൂട്ടിന് ജിറാഫും ആനയും. വിദേശരാജ്യങ്ങളില്‍നിന്ന് വിരുന്നെത്തിയ പുഷ്പങ്ങളുടെ പൊലിമ. എവിടെത്തിരിഞ്ഞാലും മനംനിറയ്ക്കുന്ന കാഴ്ചകള്‍. അന്താരാഷ്ട്ര പുഷ്പമേളയ്ക്ക് അമ്ബലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം (ആര്‍.എ.ആര്‍.എസ്.) ഒരുങ്ങി.
കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള അമ്ബലവയല്‍ ആര്‍.എ.ആര്‍.എസില്‍ ജനുവരി ഒന്നുമുതല്‍ പന്ത്രണ്ടുവരെയാണ് മേള. പൂക്കള്‍ തീര്‍ക്കുന്ന വര്‍ണവിസ്മയമാണ് മേളയുടെ പ്രധാന ആകര്‍ഷണം. കുടുംബസമേതം ചെലവഴിക്കാന്‍ ഒട്ടേറെ ഇനങ്ങളുമായാണ് പൂപ്പൊലിയുടെ ആറാംപതിപ്പ് വരുന്നത്. പ്രളയം തകര്‍ത്തെറിഞ്ഞ കാര്‍ഷിക മേഖലയെ തിരികെ കൊണ്ടുവരാനുള്ള ലക്ഷ്യവും ഈ മേളക്കുണ്ട്. കര്‍ഷകര്‍ക്കായി നടത്തുന്ന സെമിനാറുകള്‍ തിരിച്ചുവരവിന്റെ ചവിട്ടുപടിയായി മാറ്റുകയാണ് ലക്ഷ്യം.
ആകര്‍ഷകങ്ങളായ പൂക്കളുടെ ഉദ്യാനമാണ് ഇത്തവണയും ഒരുക്കിയിരിക്കുന്നത്. ചുവപ്പും മഞ്ഞയും വെള്ളയും നിറങ്ങളിലുള്ള ഗ്ലാഡിയോലസ് പൂക്കളാണ് പൂപ്പൊലി നഗരിയില്‍ ആദ്യത്തെ കാഴ്ച. ഭൂരിഭാഗം ചെടികളും പുഷ്പിച്ചു നില്‍ക്കുകയാണ്. നടവഴികള്‍ക്കരികിലെല്ലാം പൂച്ചെടികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കമാനങ്ങളില്‍ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്റെ മാതൃകകള്‍ ഇക്കുറിയും പരീക്ഷിക്കുന്നുണ്ട്. പ്രവേശനകവാടം കടന്നെത്തുമ്ബോള്‍ മനോഹരമായ ഗ്ലാഡിയോലസ് പൂന്തോട്ടമാണ് സന്ദര്‍ശകരെ വരവേല്‍ക്കുക. അതിനപ്പുറം രണ്ടു തെളിനീര്‍ തടാകങ്ങള്‍. തടാകക്കരയില്‍ ചെണ്ടുമല്ലിയും വാടാര്‍മല്ലിയും വിടര്‍ന്നുവിലസുന്നു. പല തട്ടുകളാക്കി തിരിച്ച് ഡാലിയ, സീനിയ, ഗ്ലാഡിയോലസ്, കുങ്കുമപ്പൂ, കശ്മീരില്‍ നിന്നെത്തിയ ടുലിപ്, ആയിരത്തിലധികം ഇനം റോസ് എന്നിവയെല്ലാം ക്രമീകരിച്ചിരിക്കുന്നു. പുഷ്പോത്സവത്തിനെത്തുന്നവര്‍ക്ക് അമ്ബലവയലില്‍നിന്ന് ഇക്കുറിയും നിരാശയോടെ മടങ്ങേണ്ടിവരില്ല. ഓര്‍ക്കിഡ്, മാരിഗോള്‍ഡ്, കാലിഫോര്‍ണിയ പോപ്പി, ലൂപിന്‍ തുടങ്ങി വിരുന്നെത്തിയ പൂക്കളുടെ പട്ടിക നീളുന്നു.
കള്ളിമുള്‍ച്ചെടികളുടെ പ്രദര്‍ശനം, ഒഴുകുന്ന പൂന്തോട്ടം, മഴ ഉദ്യാനം, കര്‍ഷകര്‍ക്കുള്ള സെമിനാറുകള്‍, വിവിധ മത്സരങ്ങള്‍, വാണിജ്യ സ്റ്റാളുകള്‍ എന്നിവയെല്ലാം മേളയുടെ ഭാഗമാണ്. ഓമനമൃഗങ്ങളുടെ പ്രദര്‍ശനവും പാചകമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാദിവസവും വൈകീട്ട് കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ ഉണ്ടാകും. പ്രളയം കാരണം കഴിഞ്ഞവര്‍ഷം മേള നടന്നിരുന്നില്ല. 2017-ല്‍ അഞ്ചുലക്ഷത്തിലധികം സന്ദര്‍ശകരെത്തിയ മേള ഒരിടവേളക്കുശേഷമാണ് നടത്തുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി കേന്ദ്രം മേധാവി ഡോ. കെ. അജിത് കുമാര്‍ പറഞ്ഞു. മുന്‍വര്‍ങ്ങളേക്കാള്‍ മേള മികച്ചതാക്കുകയാണ് ലക്ഷ്യം. അതിനായി ഉദ്യോഗസ്ഥരും ജീവനക്കാരും അക്ഷീണ പ്രയത്നത്തിലാണ്.


0 Comments