നടക്കാനിറങ്ങിയത് 8000 സ്ത്രീകള്‍, ഏറ്റവും കൂടുതല്‍ തൃശൂരില്‍; ഇനി മുന്‍കൂട്ടി അറിയിക്കാതെയും രാത്രിനടത്തം


തിരുവനന്തപുരം: 'പൊതുഇടം എന്റേതും' എന്ന പേരില്‍ സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടത്തിയ സ്ത്രീകളുടെ രാത്രി നടത്തം വന്‍ വിജയം. 250വേറെ സ്ഥലങ്ങളില്‍ എണ്ണായിരത്തോളം സ്ത്രീകള്‍ രാത്രിയില്‍ നടക്കാനിറങ്ങി. ഡിസംബര്‍ 29 നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്.

1020 സ്ത്രീകള്‍ രാത്രിയില്‍ നടക്കാനിറങ്ങിയ തൃശൂരിലാണ് ഏറ്റവുമധികം പങ്കാളിത്തമുണ്ടായത്. തിരുവനന്തപുരത്ത് 22 സ്ഥലങ്ങളിലായി 946 പേരും എറണാകുളത്ത് 27 സ്ഥലങ്ങളിലായി 856പേരും നടക്കാനിറങ്ങി. കോട്ടയത്ത് 29 സ്ഥലങ്ങളിലായി 705, കാസര്‍ഗോഡ് 9 സ്ഥലങ്ങളിലായി 655, ആലപ്പുഴയില്‍ 23 സ്ഥലങ്ങളിലായി 576, കണ്ണൂരില്‍ 15 സ്ഥലങ്ങളിലായി 512 എന്നിങ്ങനെയാണ് സ്ത്രീകള്‍ രാത്രി നടന്നത്. ബാക്കി ജില്ലകളില്‍ 500 ല്‍ താഴെയാണ് സ്ത്രീകളുടെ പങ്കാളിത്തമുണ്ടായത്.

രാത്രിയില്‍ പുറത്ത് ഇറങ്ങി നടക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള മാനസിക പ്രയാസങ്ങളും പേടിയും മാറ്റിയെടുക്കാനും ശല്യപ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ലക്ഷ്യമിട്ടാണ് 'സധൈര്യം മുന്നോട്ട്' എന്ന പരിപാടിയുടെ ഭാഗമായി രാത്രി നടത്തം കാമ്ബയിന്‍ സംഘടിപ്പിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആഴ്ച തോറും രാത്രി നടത്തം സംഘടിപ്പിക്കുമെന്നും ഇനി മുന്‍കൂട്ടി അറിയിക്കാതെയും രാത്രിനടത്തം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ 8 വരെ തുടര്‍ച്ചയായി രാത്രി നടത്തം ഉണ്ടായിരിക്കും. അടുത്തഘട്ടത്തില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്നവരുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പുറത്ത് വിടുമെന്നും മന്ത്രി അറിയിച്ചു.

രാത്രി നടത്തത്തില്‍ പങ്കെടുത്ത സ്ത്രീകളെ ശല്യപ്പെടുത്തിയ അഞ്ച് പേരില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരത്ത് വര്‍ക്കലയില്‍ അകലം പാലിച്ച്‌ നടന്നു പോയ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയ ആളെയാണ് പിടികൂടിയത്. കാസര്‍ഗോഡ് പുറകേ നടന്ന് ശല്യം ചെയ്തയാളേയും സ്ത്രീകള്‍തന്നെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.