ഇടതുമുന്നണിയുമായി ചേര്‍ന്നൊരു പ്രക്ഷോഭമില്ല സംയുക്‌തപ്രക്ഷോഭത്തെ തള്ളി യു.ഡി.എഫ്‌.




തിരുവനന്തപുരം : പൗരത്വ ഭേദഗതി നിയമത്തിനെതിരേ സര്‍ക്കാരുമായി ചേര്‍ന്നു നടത്തിയ സംയുക്‌തപ്രക്ഷോഭത്തെ തള്ളിപ്പറഞ്ഞ്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ ബെന്നി ബഹനാന്‍. നടന്നതു യു.ഡി.എഫ്‌. സഹകരണത്തോടെയുള്ള പ്രക്ഷോഭമല്ലെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ തുറന്നടിച്ചു. ഇടതുമുന്നണിയുമായി ഇനി യോജിച്ചു പ്രക്ഷോഭത്തിനില്ലെന്നും യു.ഡി.എഫ്‌. കണ്‍വീനര്‍.
പ്രതിപക്ഷനേതാവ്‌ തന്നോട്‌ സംസാരിച്ചപ്പോള്‍ തന്നെ യു.ഡി.എഫിന്റെ ലേബലില്‍ പ്രക്ഷോഭം വേണ്ടെന്നു വ്യക്‌തമാക്കിയിരുന്നു. നിയമസഭയില്‍ ഏകകണ്‌ഠമായി പ്രമേയങ്ങള്‍ പാസാക്കാറുണ്ട്‌. ഇപ്പോള്‍ സഭ ചേരാത്തതുകൊണ്ട്‌ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ നടന്ന ഒരു സമരം മാത്രമാണത്‌. ഇടതുമുന്നണി നടുത്തുന്ന സമരത്തിനു പുറകേ പോകേണ്ട ഗതികേട്‌ കോണ്‍ഗ്രസിനില്ല. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമായിരുന്നെങ്കില്‍ താനും കൂടിയാണു ചര്‍ച്ച നടത്തേണ്ടിയിരുന്നത്‌. എന്നാലിത്‌ കക്ഷിനേതാക്കളുമായി സംസാരിച്ചു വേഗത്തില്‍ എടുത്ത തീരുമാനമാണെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.
കഴിഞ്ഞദിവസം യു.ഡി.എഫ്‌. യോഗം ചേര്‍ന്നെങ്കിലും കണ്‍വീനര്‍ക്കു പകരം ചെയര്‍മാനായ പ്രതിപക്ഷ നേതാവാണ്‌ തീരുമാനങ്ങള്‍ വിശദീകരിച്ചത്‌. കണ്‍വീനറായ ബെന്നി ബഹനാന്‍ അവിടെ ഒന്നും പ്രതികരിച്ചതുമില്ല. ധവളപത്രം വരെയിറക്കി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ട്‌ അതേ സര്‍ക്കാരുമായി യോജിച്ചു പ്രക്ഷോഭത്തിനു പോകുന്നത്‌ അവര്‍ക്ക്‌ നല്ല പ്രതിച്‌ഛായ ഉണ്ടാക്കിക്കൊടുക്കുമെന്ന ആരോപണമാണ്‌ സംയുക്‌തസമരത്തെക്കുറിച്ച്‌ ഉയര്‍ന്നത്‌. പ്രതിഷേധിച്ച്‌ യു.ഡി.എഫ്‌ യോഗത്തില്‍നിന്ന്‌ ആര്‍.എസ്‌.പിയും കെ.പി.സി.സി പ്രസിഡന്റും വിട്ടുനിന്നു. യോഗത്തില്‍ ചില കക്ഷികള്‍ വിമര്‍ശനവും ഉന്നയിച്ചു.
ഇതിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ്‌ തന്നെ വിശദീകരണം നല്‍കി. തുടര്‍ന്നാണ്‌ ഇന്നലെ കണ്‍വീനര്‍ പത്രസമ്മേളനം വിളിച്ചുചേര്‍ത്തത്‌.മതാടിസ്‌ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിച്ച കഴ്‌സണ്‍ പ്രഭുവിന്റെയും സര്‍വക്കറുടെയും പ്രേതമാണ്‌ മോഡിയേയും അമിത്‌ ഷായേയും പിടികൂടിയിരിക്കുന്നതെന്നും ബെന്നി ബഹനാന്‍ പറഞ്ഞു