അജിത് പവാര്‍ ഇന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും


മുംബയ്: മഹാവികാസ് അഘാടി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്. എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുക എന്നാണ് സൂചന. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിയമസഭ മന്ദിരത്തില്‍ പൂര്‍ത്തിയായി.

കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ക്യാബിനറ്റ് മന്ത്രിയാകും. മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായേക്കും. നവംബര്‍ 28നാണ് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്.

തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. എന്‍.സി.പിയില്‍ വിമത നീക്കം നടത്തി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍, ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ‍ഡ്നാവിസിനൊപ്പം നവംബര്‍ 23ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഏവരേയും ഞെട്ടിച്ചിരുന്നു. ഉപമുഖ്യമന്ത്രി പദവിയില്‍ കഷ്ടിച്ച്‌ 80 മണിക്കൂര്‍ മാത്രം നീണ്ട കാലയളവിനുള്ളില്‍ ജലസേചന പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസുകളില്‍ അജിത്തിനെ കുറ്റവിമുക്തനാക്കിയിരുന്നു എന്നാല്‍,​ പരസ്യവോട്ടിലൂടെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് ശേഷം അജിത് പവാറും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവച്ചു