പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റില്‍
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. 35കാരനായ കാസര്‍കോട് സ്വദേശി ജോഷി തോമസാണ് എറണാകുളത്ത് അറസ്റ്റിലായത്. പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. തട്ടിപ്പിനിരയായ 45 പേരുടെ പരാതിയിലാണ് അറസ്റ്റ്.
ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയിരുന്ന 'സെയിന്റ് ജോര്‍ജ്' എന്ന പ്രാര്‍ത്ഥനാഗ്രൂപ്പിന്റെ മറവിലായിരുന്നു ജോഷിയുടെ തട്ടിപ്പ്. വിദേശത്തിരുന്നായിരുന്നു പ്രവര്‍ത്തനങ്ങള്‍. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വീണ്ടും വിദേശത്തേക്ക് കടന്ന ഇയാള്‍ കഴിഞ്ഞദിവസം ദുബായില്‍നിന്ന് മുംബൈ വിമാനത്താവളത്തിലെത്തിയ സമയത്താണ് അറസ്റ്റിലായത്. വിമാനത്താവള അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
ജോഷിയുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചിരുന്ന മാര്‍ഗ്രറ്റ് എന്ന യുവതിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇരുവര്‍ക്കുമെതിരെ വിവിധ ജില്ലകളില്‍ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


0 Comments