പ്ലാസ്റ്റിക് നിരോധനത്തില്‍ തിരുത്ത്;ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പായ്ക്കറ്റുകളെയെല്ലാം പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി



തിരുവനന്തപുരം: ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളുടെ പായ്ക്കറ്റുകളെയെല്ലാം പ്ലാസ്റ്റിക് നിരോധനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ ഒഴിവാക്കി. പകരം ഇവയുടെ ഉല്‍പാദകരും വില്‍പനക്കാരും ഇറക്കുമതിക്കാരും ബ്രാന്‍ഡഡ് ഉല്‍പന്ന പാക്കറ്റുകള്‍ ഉപഭോക്താക്കളില്‍ നിന്നു തിരികെ ശേഖരിക്കാനുള്ള പദ്ധതി തയാറാക്കി മലിനീകരണ നിയന്ത്രണ ബോര്‍ഡിനു സമര്‍പ്പിക്കുകയും പാലിക്കുകയും വേണം.

മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് ഭേദഗതി. ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജലഅതോറിറ്റി തുടങ്ങിയ പ്ലാസ്റ്റിക് പാക്കേജിങ് നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉപയോഗശേഷമുള്ള പ്ലാസ്റ്റിക് ശേഖരിച്ച്‌ നീക്കം ചെയ്യണം.
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് നിരോധിച്ചു കൊണ്ട് കഴിഞ്ഞ 27ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്തു കൊണ്ടുള്ള ഇന്നലത്തെ ഉത്തരവിലാണ് അധിക ഇളവുകളും നിയന്ത്രണങ്ങളും. ജനുവരി 1 മുതലാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തിലാകുക.

എന്നാല്‍, ചില്ലറ വില്‍പന ശാലകളും വഴിയോര കച്ചവടക്കാരും പഴങ്ങളും പച്ചക്കറികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു വില്‍ക്കുന്നതിനു നിരോധനമുണ്ട്. അര ലീറ്ററില്‍ താഴെയുള്ള പെറ്റ് ബോട്ടിലുകള്‍ നിരോധിച്ചതും ഒഴിവാക്കി. എന്നാല്‍, അര ലീറ്ററില്‍ താഴെയുള്ള കുടിവെള്ള കുപ്പികള്‍ പാടില്ല. എല്ലാ വലിപ്പത്തിലുമുള്ള ബ്രാന്‍ഡഡ് ജ്യൂസ് ബോട്ടിലുകളും ജ്യൂസ് പായ്ക്കറ്റുകളും അര ലീറ്ററും അതിനു മുകളിലുള്ളതുമായ കുപ്പിവെള്ള ബോട്ടിലുകളും വില്‍ക്കാം. എന്നാല്‍ ഇവ തിരികെ ശേഖരിക്കണം.

നിരോധിച്ച പ്ലാസ്റ്റിക് ഷീറ്റുകളുടെ പട്ടികയില്‍ നിന്ന് ക്ലിങ് ഫിലിമിനെ ഒഴിവാക്കി. ‌ഭക്ഷണവും പഴങ്ങളും പച്ചക്കറിയും മറ്റും പൊതിയാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത സുതാര്യമായ ഷീറ്റാണ് ക്ലിങ് ഫിലിം. നിരോധിച്ച പ്ലാസ്റ്റിക് കപ്പ്, പ്ലേറ്റ് തുടങ്ങിയവയുടെ പട്ടികയില്‍ പ്ലാസ്റ്റിക് ടംബ്ലര്‍ എന്നു കൂടി ചേര്‍ത്തു. പ്ലാസ്റ്റിക് കുപ്പിയിലും കവറുകളിലും ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ബവ്റിജസ് കോര്‍പറേഷന്‍, കേരഫെഡ്, മില്‍മ, ജല അതോറിറ്റി, മറ്റു പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവരും പ്ലാസ്റ്റിക് തിരികെ ശേഖരിക്കണം.

ഒറ്റത്തവണ ഉപയേ‍ാഗത്തിനുള്ള പ്ലാസ്റ്റിക്കിനാണ് ജനുവരി 1 മുതല്‍ സംസ്ഥാനത്തു നിരോധനം. നിരോധനം. കര്‍ശനമായി നടപ്പാക്കാനുള്ള ചുമതല കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ്.