പൂത്തിരി കത്തിച്ചത് ബസ് ജീവനക്കാര്‍; ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നെസ് റദ്ദാക്കി, ഡ്രൈവറിനെതിരേ നടപടി





താമരശ്ശേരി: കോരങ്ങാട്ടെ താമരശ്ശേരി ജി.വി.എച്ച്‌.എസ്.എസ്. വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കിടെ സ്വകാര്യ ടൂറിസ്റ്റ് ബസിനുമുകളില്‍ പൂത്തിരി കത്തിച്ച സംഭവം വിവാദത്തില്‍. പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ജന്മദിനാഘോഷച്ചടങ്ങില്‍ കേക്ക് മുറിക്കവേ ബസ് ജീവനക്കാരിലൊരാള്‍ ബസിനുമുകളില്‍ പൂത്തിരി കത്തിക്കുകയായിരുന്നു.

സ്‌കൂളില്‍നിന്ന് മൈസൂരു, കുടക് എന്നിവിടങ്ങളിലേക്ക് ഡിസംബര്‍ ഒന്നിന് രാത്രിയാണ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ അഞ്ചു ബസുകളിലായി വിനോദയാത്രയ്ക്ക് പോയത്. ഡിസംബര്‍ മൂന്നിന് രാത്രി നാട്ടില്‍ തിരിച്ചെത്തുന്നതിന്റെ തലേന്ന് നടത്തിയ ആഘോഷമാണ് വിവാദമായത്.

ബസ് പിടിച്ചെടുത്തു

സംഭവവുമായി ബന്ധപ്പെട്ട് കെ.എല്‍. 35 ഡി 5858 നമ്ബര്‍ ടൂറിസ്റ്റ് ബസ് ചേവായൂരില്‍മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എം. ഷബീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് താത്കാലികമായി റദ്ദാക്കിയതായും ഡ്രൈവര്‍ക്കെതിരേ നടപടിക്ക് കോഴിക്കോട് ആര്‍.ടി.ഒ.യ്ക്ക് ശുപാര്‍ശചെയ്തതായും പി.എം. ഷബീര്‍ അറിയിച്ചു.

പരിശോധന കര്‍ശനമാക്കും -മന്ത്രി എ.കെ. ശശീന്ദ്രന്‍

പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാവുന്ന കാര്യങ്ങളല്ല സ്വകാര്യ ടൂറിസ്റ്റ് ബസുകളില്‍ ആഘോഷത്തിന്റെ പേരില്‍ നടക്കുന്നതെന്നും ഇതൊന്നും കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍.

അപകടം വിളിച്ചുവരുത്തുന്നതരത്തിലുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയില്‍ ഒരു ഇളവും വരുത്തില്ല. പരിശോധന കര്‍ശനമായി തുടരും. ആരെയും ഭയമില്ലെന്ന ചിലരുടെ കാഴ്ചപ്പാട് അനുവദിച്ചുനല്‍കാനാവില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പൂത്തിരി കത്തിച്ചത് ബസ് ജീവനക്കാര്‍; വിദ്യാര്‍ഥികള്‍ക്ക് പങ്കില്ല

സ്വകാര്യ ടൂറിസ്റ്റ് ബസിനുമുകളില്‍ പൂത്തിരികത്തിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ പങ്കില്ല. ഒരു വിദ്യാര്‍ഥിനിയുടെ ജന്മദിനാഘോഷത്തിനായി കുട്ടികളാണ് കേക്ക് വാങ്ങിച്ചത്. എന്നാല്‍, പൂത്തിരി വാങ്ങിയതും കത്തിച്ചതുമെല്ലാം ബസ് ജീവനക്കാര്‍ സ്വന്തം താത്പര്യത്തില്‍ ചെയ്തതാണ്.