പാപ്പിനിശ്ശേരി ഇനി ക്യാമറക്കണ്ണുകളില്‍ സുരക്ഷിതം
പാപ്പിനിശ്ശേരി: അനിയന്ത്രിതമായി മാലിന്യം തള്ളിയതിനാല്‍ പൊറുതി മുട്ടിയ പാപ്പിനിശ്ശേരി ദേശീയ പാതയോരത്ത് നടക്കുന്ന കാഴ്ചകളെല്ലാം ഇനി ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. 24 മണിക്കൂറും പൂര്‍ണ സജ്ജമായി പ്രവര്‍ത്തിക്കുന്ന ഏഴ് ക്യാമറകള്‍ ഇനി കാവലാളായി പ്രവര്‍ത്തിക്കും. ഏറ്റവും അത്യാധുനിക സംവിധാനമുള്ള ക്യാമറകളെല്ലാം വിവിധ സ്ഥാപനളുടെ സഹായത്തോടെ മൂന്നുലക്ഷം രൂപ ചെലവാക്കി യാണ് സ്ഥാപിച്ചത്. വളപട്ടണം പാലത്തിന്റെ വടക്കുഭാഗം മുതല്‍ ചുങ്കംവരെയുള്ള ഭാഗത്തെ ഓരോ അനധികൃത നീക്കവും ക്യാമറയില്‍ തെളിയും. ഇവയുടെ ദൃശ്യങ്ങള്‍ 24 മണിക്കൂറും തല്‍സമയം പഞ്ചായത്തിലെ പ്രത്യേക കംപ്യൂട്ടറിലും പഞ്ചായത്ത് സെക്രട്ടറിയുടെ മൊബൈലിലും അതത് സമയം തെളിയും.
പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ 20 ദിവസം പ്രവര്‍ത്തനക്ഷമമാക്കിയപ്പോള്‍ മാലിന്യം തള്ളുന്ന ആറ്് വാഹനം പിടികൂടി 25,000 രൂപ പിഴയിടാക്കി. കൂടാതെ, കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് രണ്ട് വാഹനങ്ങളുടെ വിശദാംശം പോലീസിന് കൈമാറാനും സാധിച്ചിട്ടുണ്ട്.
ക്യാമറയുടെ പ്രവര്‍ത്തനം തളിപ്പറമ്ബ് സബ് കളക്ടര്‍ എസ്.ഇലക്കിയ ഉദ്ഘാടനം ചെയ്തു. പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.നാരായണന്‍ അധ്യക്ഷതവഹിച്ചു. ഹരിതകേരള മിഷന്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍ വി.സഹദേവന്‍ മുഖ്യ പ്രഭാഷണം നടത്തി. സി. റീന, കെ.ബി.ഷംസുദീന്‍, പി.പി.ഷാജിര്‍, ടി.വേണുഗോപാലന്‍, കെ.പി. വല്‍സന്‍, എം.സി.ദിനേശന്‍, മാണിക്കര ഗോവിന്ദന്‍, കെ.പി.റഷീദ്, സി.എച്ച്.ആലിക്കുട്ടി ഹാജി എന്നിവര്‍ സംസാരിച്ചു.


0 Comments