അതിര്‍ത്തിയിലെ മലയാളി ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍



കോളിമൂല: കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളിലെ ക്ഷീരകര്‍ഷകര്‍ പ്രതിസന്ധിയില്‍. തമിഴ്‌നാട്ടില്‍ ഉത്പാദിപ്പിക്കുന്ന പാല്‍ കേരള ക്ഷീരവികസന വകുപ്പ് സ്വീകരിക്കാത്തതാണ് ഇവരെ പ്രയാസത്തിലാക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ കേരളത്തിലാണ് പാല്‍ വിറ്റിരുന്നത്. ജനുവരിമുതല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പാല്‍ എടുക്കാനാകില്ലെന്ന് വയനാട്ടിലെ ഡയറികള്‍ അറിയിച്ചതോടെയാണ് ഇവര്‍ വിഷമത്തിലായത്. കേരള ക്ഷീരവികസനവകുപ്പിന് അതിര്‍ത്തിയിലെ മലയാളികളോട് ചിറ്റമ്മനയമാണെന്ന് ആരോപിച്ച്‌ കര്‍ഷകര്‍ കോളിമൂലയില്‍ പാല്‍ റോഡിലൊഴിച്ച്‌ പ്രതിഷേധിച്ചു.
തമിഴ്നാടിന്റെ ഭാഗമായ കോളിമൂല, മാങ്ങോട്, പൂളക്കുണ്ട് പ്രദേശത്ത് നൂറിലധികം ക്ഷീരകര്‍ഷകരുണ്ട്. അതിര്‍ത്തിയില്‍നിന്ന് ഒരുകിലോമീറ്റര്‍ ചുറ്റളവിലുള്ള മലയാളികളാണിവര്‍. വര്‍ഷങ്ങളായി ഇവരുടെ പാല്‍ നല്‍കിയിരുന്നത് കേരളത്തിലെ ഡയറികളിലാണ്. ഒരുവര്‍ഷം മുമ്ബുവരെ വയനാട് മില്‍ക്ക് ആണ് പാല്‍ ശേഖരിച്ചിരുന്നത്. പാല്‍ കൂടുതലാണെന്ന കാരണത്താല്‍ വയനാട് മില്‍ക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള പാല്‍ ശേഖരണം നിര്‍ത്തി. പിന്നീട് അമ്ബലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിലാണ് പാല്‍ നല്‍കിയിരുന്നത്. ക്ഷീരകര്‍ഷകര്‍ ചേര്‍ന്ന് അയല്‍ക്കൂട്ടം രൂപവത്കരിച്ചു. കോളിമൂലയില്‍ പാല്‍ ശേഖരിച്ച്‌ വാഹനത്തില്‍ തോമാട്ടുചാലിലെ ഡയറിയില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. വാഹനം വാങ്ങി ഒരാളെ ഇതിനായി ചുമതലപ്പെടുത്തി. ഒരുവര്‍ഷത്തോളമാണ് ഇവിടെ പാല്‍ നല്‍കിയത്. ജനുവരി മുതല്‍ പാല്‍ എടുക്കാനാകില്ലെന്നാണ് അമ്ബലവയല്‍ ക്ഷീരോത്പാദക സഹകരണസംഘം അറിയിച്ചിരിക്കുന്നത്. അമ്ബലവയല്‍ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പരിധിയില്‍ വരാത്ത പ്രദേശത്തുനിന്നുള്ള പാല്‍ ശേഖരിക്കാന്‍ നിര്‍വാഹമില്ലെന്ന് സംഘം പ്രസിഡന്റ് എ.പി. കുര്യാക്കോസ് പറഞ്ഞു.

കാലങ്ങളായി ക്ഷീരമേഖലയില്‍നിന്നുള്ള വരുമാനം മാത്രമാണ് ഇവരുടെ ആശ്രയം. തമിഴ്നാട്ടില്‍ പാലിന് മതിയായ വില ലഭിക്കുന്നില്ലെന്നതും ഇവരെ പ്രതിസന്ധിയിലാക്കുന്നു. ഒരുലിറ്റര്‍ പാലിന് കേരളത്തില്‍ 42 രൂപവരെ ലഭിക്കുമ്ബോള്‍ തമിഴ്‌നാട്ടില്‍ കിട്ടുന്നത് 28 രൂപയാണ്. മുപ്പതുവര്‍ഷമായി കേരളത്തിലാണ് തങ്ങള്‍ പാല്‍ നല്‍കിക്കൊണ്ടിരുന്നത്. തുടര്‍ന്നും ഇതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിത്തരണം-ക്ഷീരകര്‍ഷകയായ കല്ലിങ്കല്‍ ബിന്ദു ആവശ്യപ്പെടുന്നു.

മലയാളികളാണെങ്കിലും അതിര്‍ത്തിയില്‍ തങ്ങള്‍ വലിയ അവഗണനയാണ് നേരിടുന്നതെന്ന് ക്ഷീരകര്‍ഷകനായ പുന്നച്ചാലില്‍ ഗീവര്‍ഗീസ് പറഞ്ഞു. കാലിത്തീറ്റയടക്കമുള്ള സാധനങ്ങള്‍ വയനാട്ടിലെ ഡയറികളില്‍നിന്നാണ് തങ്ങള്‍ വാങ്ങുന്നത്. പാലിന് ഗുണമേന്‍മയുമുണ്ട്. പിന്നെന്തുകൊണ്ട് തങ്ങളെ അവഗണിക്കുന്നുവെന്നാണ് ഇവരുടെ ചോദ്യം.