പൊടിശല്യം: യാത്രചെയ്യാനാവാതെ കൂനം-കൊളത്തൂര്‍ റോഡ്


ശ്രീകണ്ഠപുരം: പൊടിശല്യംകാരണം കുറുമാത്തൂര്‍-കൂനം-കൊളത്തൂര്‍ റോഡിലൂടെ യാത്രചെയ്യാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നു. മൂന്നുവര്‍ഷംമുന്‍പ് 9.80 കോടി രൂപ അനുവദിച്ച്‌ നവീകരണം തുടങ്ങിയ റോഡില്‍ അസഹനീയമായ പൊടിശല്യംകാരണം കാല്‍നടയാത്രപോലും ചെയ്യാന്‍പറ്റാത്ത സ്ഥിതിയാണ്. പി.എം.ജി.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 11.85 കിലോമീറ്റര്‍ റോഡ് നവീകരണം തുടങ്ങിയത്. എന്നാല്‍, മൂന്നുവര്‍ഷമായിട്ടും പണി എങ്ങുമെത്തിയില്ല. കഴിഞ്ഞ മാര്‍ച്ച്‌ 31-നകം പണി പൂര്‍ത്തിയാകേണ്ട റോഡായിരുന്നു. കണ്ണാടിപ്പാറയിലും പരിസരത്തും ടാറിട്ടിട്ടുണ്ട്. മറ്റ് സ്ഥലങ്ങളിലെല്ലാം റോഡ് കിളച്ചിട്ടനിലയിലാണ്. ഈ സ്ഥലങ്ങളിലെല്ലാം പൊടിശല്യം രൂക്ഷമാണ്. കുറുമാത്തൂര്‍ പഞ്ചായത്തിലെ പൊക്കുണ്ട് ബസ്‌സ്റ്റോപ്പില്‍നിന്നുതുടങ്ങി ചെങ്ങളായി പഞ്ചായത്തിലെ കണ്ണാടിപ്പാറയിലാണ് റോഡ് അവസാനിക്കുന്നത്. ഇതുവഴി രണ്ട് ബസ്സുകളും ഓടുന്നുണ്ട്. വിദ്യാര്‍ഥികളും നാട്ടുകാരും പൊടിയില്‍ കുളിച്ചാണ് ദിവസേന ഇതുവഴി യാത്രചെയ്യുന്നത്. കരാറുകാരന്റെ അനാസ്ഥയാണ് റോഡുപണി വൈകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.