പ്രതിഷേധം ശക്തമായി: യാത്രാനിയന്ത്രണമില്ലെന്ന് വനംവകുപ്പ്





പുല്പള്ളി: ചെതലയം റെയ്ഞ്ചിലെ ഇലക്‌ട്രിക് കവല വനപാതയില്‍ ഒരുതരത്തിലുള്ള യാത്രാനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വനംവകുപ്പ്. വീട്ടിമൂല ഇലക്‌ട്രിക് കവലയിലെ ഫോറസ്റ്റ് ഗേറ്റില്‍ രാത്രിയാത്രാ നിയന്ത്രണ ബോര്‍ഡ് സ്ഥാപിച്ചത് വിവാദമായതിനെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത വനജാഗ്രതാ യോഗത്തിലാണ് വനംവകുപ്പ് നിലപാട് വ്യക്തമാക്കിയത്.

ഗേറ്റില്‍ കഴിഞ്ഞദിവസം മുതല്‍ രാത്രിയാത്ര ഒഴിവാക്കണമെന്ന് കാണിച്ച്‌ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലുണ്ടായത്. രാത്രിയാത്രാ നിയന്ത്രണത്തില്‍ ജനങ്ങളുടെ ആശങ്ക സംബന്ധിച്ച്‌ മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് യാത്രാ നിരോധനം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും പ്രശ്നത്തിന് ഉടനടി പരിഹാരമുണ്ടാക്കുമെന്നും അറിയിച്ചിരുന്നു. യാത്രാനിരോധനത്തിനെതിരേ വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് വനംവകുപ്പ് പിന്മാറിയിരിക്കുന്നത്. വൈകീട്ട് 6.30 മുതല്‍ രാവിലെ 6.30 വരെ യാത്ര ഒഴിവാക്കണമെന്ന ഭാഗം ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞിട്ടുണ്ട്. വനജാഗ്രതാ സമിതി യോഗത്തില്‍ വനംവകുപ്പിന്റെ നടപടിക്കെതിരേ ജനപ്രതിനിധികളും നാട്ടുകാരും ഒറ്റക്കെട്ടായാണ് പ്രതികരിച്ചത്. ബോര്‍ഡ് സ്ഥാപിച്ചതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ ഈ ആഴ്ച സമരം തുടങ്ങാനിരിക്കെയാണ് വനംവകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആനശല്യം രൂക്ഷമായതിനാല്‍ അപകട മുന്നറിയിപ്പ് എന്ന നിലയിലാണ് ബോര്‍ഡ് സ്ഥാപിച്ചതെന്നാണ് വനംവകുപ്പ് അധികൃതര്‍ യോഗത്തില്‍ അറിയിച്ചത്.