ഇന്ത്യന്‍ നാവികസേനയുടെ പ്രഥമവനിതാ പൈലറ്റായി ശിവാംഗി ചുമതലയേറ്റു




കൊച്ചി : ദക്ഷിണ നാവിക കമാന്‍ഡ്‌ മേധാവി വൈസ്‌ അഡ്‌മിറല്‍ എ.കെ. ചൗളയില്‍നിന്ന്‌ പറന്നുയരാനുള്ള ഗോള്‍ഡന്‍ വിങ്‌സ്‌ ബാഡ്‌ജ്‌ ഏറ്റുവാങ്ങി ശിവാംഗി സ്വരൂപ്‌ നടന്നുനീങ്ങിയത്‌ ഇന്ത്യന്‍ നാവിക സേനയില്‍ ചരിത്രം സൃഷ്‌ടിച്ചായിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ പ്രഥമ വനിതാ പൈലറ്റായി സബ്‌ ലെഫ്‌റ്റനന്റ്‌ ശിവാംഗി ഇന്നലെ ഔദ്യോഗികമായി ചുമതലയേറ്റു.
കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ്‌ ആസ്‌ഥാനത്ത്‌ നടന്ന വിങ്‌സ്‌ സെറിമണി ചടങ്ങില്‍ ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിനിയായ ശിവാംഗിക്ക്‌ പറക്കാനുള്ള അനുമതി പത്രം വൈസ്‌ അഡ്‌മിറല്‍ കൈമാറി. രണ്ടു ഘട്ടങ്ങളായി ഒരുവര്‍ഷം നീണ്ട കഠിന പരിശീലനത്തിനു ശേഷമാണ്‌ ശിവാംഗി തന്റെ സ്വപ്‌നം സാക്ഷാത്‌കരിച്ചത്‌. നാവികസേനയുടെ നിരീക്ഷണവിമാനമായ ഡോണിയര്‍ ആയിരിക്കും ശിവാംഗി പറത്തുക. പത്തു വയസ്‌ മുതല്‍ ശിവാംഗിയുടെ മനസില്‍ ചിറകിട്ടടിച്ച സ്വപ്‌നം സാക്ഷാത്‌കരിക്കാന്‍ ഊര്‍ജം പകര്‍ന്ന മാതാപിതാക്കളും ചടങ്ങിനെത്തിയിരുന്നു. നാവികസേനയുടെ വ്യോമയാന വിഭാഗത്തില്‍ എയര്‍ട്രാഫിക്‌ കണ്‍ട്രോള്‍ ഓഫീസര്‍മാരായും ഒബ്‌സര്‍വര്‍മാരായും വനിത ഉദ്യോഗസ്‌ഥരുണ്ടെങ്കിലും കോക്‌പിറ്റിലേക്ക്‌ ആദ്യമായാണ്‌ ഒരു സ്‌ത്രീ എത്തുന്നത്‌.
ഏഴിമല നാവിക അക്കാദമിയില്‍നിന്ന്‌ നേവല്‍ ഓറിയന്റേഷന്‍ കോഴ്‌സ്‌ പൂര്‍ത്തിയാക്കിയ ശിവാംഗിക്ക്‌ പരിശീലനത്തിന്റെ മൂന്നാംഘട്ടമായ ഡോണിയര്‍ ഓപ്പറേഷണല്‍ കണ്‍വേര്‍ഷന്‍ കോഴ്‌സ്‌ കൂടി പൂര്‍ത്തിയാക്കാനുണ്ട്‌.
സിക്കിം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ പൂര്‍ത്തിയാക്കിയ ശിവാംഗി ജയ്‌പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലാണ്‌ ഉപരിപഠനം നടത്തിയത്‌. പഠനം പൂര്‍ത്തിയാക്കുന്നതിന്‌ മുമ്ബ്‌ തന്നെ നാവികസേനയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു