നഷ്ടപ്പെട്ട കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി ചിലവഴിച്ചത് 50 കോടി, ആ സ്ഥലമെങ്കിലും തിരികെക്കിട്ടുമോ?
കല്യാശ്ശേരി: എ.കെ.ആന്റണി പ്രതിരോധമന്ത്രിയായിരിക്കെ നിര്‍മിക്കാന്‍ നടപടിതുടങ്ങിയിരുന്ന കോസ്റ്റ് ഗാഡ് അക്കാദമി പോയെന്നുറപ്പായി. ഇനി ചോദ്യം ആ സ്ഥലം സംസ്ഥാന സര്‍ക്കാരിന് തിരികെ കിട്ടുമോ എന്നതാണ്. അക്കാദമി സ്ഥാപിക്കാനാവില്ലെന്ന് രാജ്യസഭയില്‍ തിങ്കളാഴ്ച പ്രതിരോധ മന്ത്രിയാണ് വ്യക്തമാക്കിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. ഏറ്റെടുത്ത സ്ഥലം പരിസ്ഥിതി ലോലവും സി.ആര്‍.ഇസെഡ് വിഭാഗത്തിലുള്ളതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്
ഏറ്റെടുത്ത സ്ഥലത്ത് 50 കോടിയിലധികം രൂപയുടെ പ്രവൃത്തികളാണ് നടത്തിയത്. സ്ഥലം മണ്ണിട്ട് നിരപ്പാക്കുകയും ചുറ്റും വേലികെട്ടുകയും പ്രദേശത്ത് കുടിവെള്ളം എത്തിക്കുന്നതിനുള്ള പൈപ്പിടല്‍ പൂര്‍ത്തിയാക്കിയതുമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടംവഹിക്കുന്നതിനുള്ള ഓഫീസും ഇവിടെ പ്രവര്‍ത്തിക്കുകയാണ്. 2011 മേയ് 28-നാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്ക് അന്നത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ടത്.
1996-ല്‍ കെ.പി.പി. നമ്ബ്യാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പവര്‍ പ്രോജക്‌ട് സ്ഥാപിക്കാനാണ് ഇരിണാവ്, പാപ്പിനിശ്ശേരി വില്ലേജുകളിലെ 165 ഏക്കറോളം സ്ഥലം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്ഥലം ഏറ്റെടുക്കുമ്ബോള്‍ പ്രദേശത്ത് നിരവധി ചെമ്മീന്‍ കണ്ടികള്‍ നിലവിലുണ്ടായിരുന്നു. പ്രദേശത്തെ കര്‍ഷകര്‍ ഇതിനെതിരേ പ്രതിഷേധമുയര്‍ത്തിയെങ്കിലും എതിര്‍പ്പുകള്‍ അവഗണിച്ചായിരുന്നു സ്ഥലങ്ങള്‍ ഏറ്റെടുത്തത്. എന്നാല്‍, ഇന്നും ചെമ്മീന്‍ കൃഷി നഷ്ടപ്പെട്ട കര്‍ഷകരുടെ കേസ് സുപ്രീം കോടതിയിലുണ്ട്.
സ്ഥലം ഏറ്റെടുത്തെങ്കിലും പിന്നീട് ഉയര്‍ന്ന പരിസ്ഥിതി ആഘാത പ്രശ്നം പവര്‍ പ്രോജക്‌ട് ഇല്ലാതാക്കി. കെ.പി.പി. നമ്ബ്യാര്‍ എന്‍റോണുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതെന്നതും പ്രശ്നമായി. പിന്നീട് അതേസ്ഥലം 2010 ഏപ്രില്‍ 19-ന് നോയിഡ ആസ്ഥാനമായ ജയപ്രകാശ് വെന്‍ച്വര്‍ ലിമിറ്റഡിന് കൈമാറുമെന്ന പ്രഖ്യാപനവും വന്നു. സ്ഥലത്ത് കല്‍ക്കരി അധിഷ്ഠിത താപവൈദ്യുതി നിലയവും 1.5 മില്യന്‍ ടണ്‍ ശേഷിയുള്ള സിമന്റ് കമ്ബനിക്കുമായിരുന്നു ഇത്. എന്നാല്‍ എതിര്‍പ്പുയര്‍ന്നതോടെ അതും ഉപേക്ഷിച്ചു. പിന്നീടാണ് കോസ്റ്റ് ഗാഡ് അക്കാദമി സ്ഥാപിക്കാനായി സ്ഥലം പ്രതിരോധ വകുപ്പിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. അക്കാദമി സ്ഥാപിക്കുന്നില്ലെങ്കില്‍ സ്ഥലം വിട്ടുകിട്ടണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.


0 Comments