പൗരത്വ പ്രതിഷേധം; 88 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് റയില്‍വേ.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ 88 കോടിരൂപയുടെ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടെന്ന് റയില്‍വേ. കിഴക്കന്‍ റയില്‍വേ സോണില്‍ നശിപ്പിക്കപ്പെട്ടത് 72 കോടിയുടെ വസ്തുക്കളാണെന്നും ദക്ഷിണ റയില്‍വേ സോണില്‍ 13 കോടിയുടെ വസ്തുക്കള്‍ നശിപ്പിക്കപ്പെട്ടെന്നും റെയിൽവേ അറിയിച്ചു.
പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ മരിച്ചവരുടെ എണ്ണം 11 ആയി. എട്ടുവയസുകാരന്‍ അടക്കം മരിച്ചവരില്‍ ഉള്‍പെടുന്നു. മീററ്റില്‍ നാലുപേരും മറ്റിടങ്ങളിലായി ആറുപേരും മരിച്ചെന്നാണ് പൊലീസ് സ്ഥിരീകരണം. ആറ് പൊലീസുകാര്‍ക്ക് വെടിയേറ്റതായും ഒരാളുടെനില ഗുരുതരമെന്നും യുപി പൊലീസ് അറിയിച്ചു. വാരാണസിയില്‍ പൊലീസ് നടപടിക്കിടെ തിക്കിലും തിരക്കിലുംപെട്ടാണ് കുട്ടി മരിച്ചത്. ഡല്‍ഹി ദരിയഗഞ്ചിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേര്‍ അറസ്റ്റിലായി. ഇന്നലെ രാത്രി ഡല്‍ഹി ഗേറ്റില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത 42പേരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒന്‍പതുപേരെ വിട്ടയച്ചു. യുപിയിലെ 21 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചിരിക്കുകയാണ്. മധ്യപ്രദേശില്‍ 50 ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിഹാറില്‍ ആര്‍ജെഡി പ്രഖ്യാപിച്ച ബന്ദിനിടെ ട്രയിന്‍ തടഞ്ഞു. പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട് ഡല്‍ഹി ജുമാമസ്ജിദില്‍ അഭയംതേടിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പുലര്‍ച്ചെ വീണ്ടും കസ്റ്റഡിയിലെടുത്തു.


0 Comments