വിത്തുകളെ സംരക്ഷിക്കുന്ന, അതുവഴി ഭാവി തലമുറയെ സംരക്ഷിക്കുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം  മറ്റെല്ലാവര്‍ക്കുമുണ്ടെന്ന് ചെറുവയല്‍ രാമന്‍

കേളകംഃ വിത്തുകളെ സംരക്ഷിക്കുന്ന, അതുവഴി ഭാവി തലമുറയെ സംരക്ഷിക്കുന്ന കര്‍ഷകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം  മറ്റെല്ലാവര്‍ക്കുമുണ്ടെന്ന് വയാനാട്ടില്‍നിന്നുള്ള കര്‍ഷകനും നെല്‍വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്‍. വിത്തു സംരക്ഷിക്കുന്ന, വെള്ളം സംരക്ഷിക്കുന്ന, സ്വന്തം ആവശ്യത്തിനുള്ള ഭക്ഷണം നട്ടുനനച്ചു ഉണ്ടാക്കി കഴിക്കുന്ന ഒരു തലമുറ ഉണ്ടായാലേ ഈ രാജ്യം നന്നാവൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുടെ ഒന്‍പതാമത് വിത്തുല്‍സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ വിത്തു സംരക്ഷകരുടെ കൂടിച്ചേരല്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അക്ഷരവിദ്യയില്‍ സമ്പന്നരായ നാം  അരിക്കു വേണ്ടി അന്യ സംസ്ഥാനത്തെ ആശ്രയിക്കുന്നതില്‍ നാണമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. കുട്ടികളെ കൃഷിയുടെ ഗൃഹപാഠം ചെയ്തു പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
420ല്‍ ഏറെ ഇനം വാഴകള്‍  കൃഷി ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാറശാലയില്‍നിന്നുള്ള വിനോദ്, 20 ഇനം നാടന്‍ പശുക്കളെ സംരക്ഷിക്കുന്ന അത്തോളിയില്‍നിന്നുള്ള ബാലകൃഷ്ണന്‍, ഫേസ്ബുക് കൂട്ടായ്മയിലൂടെ കേരളത്തിലെ 800 ഇനം മാവുകളെ സംരക്ഷിക്കുന്ന തൃശൂരില്‍നിന്നുള്ള സഖില്‍ രവീന്ദ്രന്‍ ,80 ഇനം കിഴങ്ങുവര്‍ഗങ്ങളുടെ സംരക്ഷകനായ വയനാട്ടില്‍നിന്നുള്ള മാനുവല്‍ പള്ളിക്കമാലില്‍, സമ്മിശ്രകൃഷിയില്‍ വിജയം വരിച്ച ഫ്രാന്‍സിസ് കളപ്പുര,തമിഴ്നാട് കൃഷ്ണഗിരിജീരസാമ്പ കര്‍ഷക കൂട്ടായ്മ,135 ഇനം പയര്‍വിത്തുകളുടെ സംരക്ഷക വയനാട്ടില്‍ നിന്നുള്ള സെലിന്‍ മാനുവല്‍ എന്നിവര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. വേദിയിലെ ഇന്‍സ്റ്റലേഷന്റെ ഭാഗമായുള്ള വിത്തു സംരക്ഷകരുടെ കസേരയില്‍ ഇരുന്നുകൊണ്ട് ഇവര്‍ എല്ലാവരും കര്‍ഷകരെയും കൃഷിയെയും സംബന്ധിച്ച് രാജ്യത്തോടും തന്നോടു തന്നെയും ചില ഓര്‍മപ്പെടുത്തലുകളും പ്രതിജ്ഞയും നടത്തി. പാഠഭേദം പത്രാധിപര്‍ ജയലാല്‍ അധ്യക്ഷനായിരുന്നു.

തുടര്‍ന്നു നടന്ന വഴി തെളിച്ചവരുടെ കൂടിച്ചേരല്‍  പ്രാക്സിസ്  ഇന്ത്യ സിഇഒ ടോം തോമസ് ഉദ്ഘാടനംചെയ്തു.
പ്രശസ്ത എഴുത്തുകാരനും കനവ് ഓള്‍ട്ടനേറ്റിവ് സ്കൂളിന്റെ സ്ഥാപകനുമായ കെ.ജെ .ബേബിയും കനവിലെ പഴയ വിദ്യാര്‍ഥികളും ചേര്‍ന്ന്  വയനാടിനെ പറ്റിയുള്ള പാട്ട് പാടിയത്  സദസ്സിനെ പഴയ ഓര്‍മകളിലേക്ക് കൊണ്ടുപോയി.  കാപ്പാട് പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് ജോര്‍ജ്കുട്ടി മുക്കാടന്‍, കേളകത്തെ ആദ്യകാല സമാന്തര കോളജായ വി. ടി. കോളജിന്റെ സാരഥി സി. ആര്‍. വിജയന്‍ എന്നിവര്‍  പഴയ ഓര്‍മകള്‍പങ്കുവച്ചു.  എഫ് ടി എ കെ കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ ജോസ് പൂവത്തിങ്കല്‍ ,
സുനില്‍.പി. ഉണ്ണി, സെലിന്‍ മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാർത്ഥികൾക്കായി ആല ബദൽ വിദ്യാഭാസ കേന്ദ്രത്തിന്റെ സാരഥിയും നാടക കലാകാരനുമായ ശ്രീ മനു ജോസും നാടക സംവിധായകൻ ശിവദാസ് പൊയിൽക്കാവും നയിച്ച വിത്തും നാട്യവും എന്ന ശില്പശാലയും സാഹിത്യകാരൻ ശ്രീ വിനോയ് തോമസ് നയിച്ച വിത്തും വാക്കും എന്ന ശില്പശാലയും നടന്നു.

വൈകിട്ട്  ശിവദാസന്‍ പൊയില്‍ക്കാവ് സംവിധാനംചെയ്ത അരേ മൈ ഗോഡ് നാടകം അരങ്ങേറി.