മാസപ്പടിയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ പിഴിയുന്നു; എക്സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ബാറുടമകളുടെ മൊഴി
കൊച്ചി: മാസപ്പടിയുടെ പേരില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴിയുന്നതായി ബാറുടമകള്‍ വിജിലന്‍സിന് മൊഴി നല്‍കി. സ്ഥിരമായി കൊടുത്തുവന്നിരുന്ന കൈക്കൂലി നിര്‍ത്തലാക്കാന്‍ സംഘടന തീരുമാനിച്ചതോടെ എക്സൈസ് ഓഫീസര്‍മാര്‍ പലരീതിയിലും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് ബാറുടമകള്‍ വിജിലന്‍സിന് പരാതി നല്‍കി.
എക്സൈസ് ഉദ്യോഗസ്ഥര്‍ വാങ്ങിയിരുന്ന മാസപ്പടിയുടെ റേഞ്ച് കൂടിയതോടെയാണ് ഒരു വിഭാഗം ബാറുടമകള്‍ ഇനി കൈക്കൂലി കൊടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. തുടര്‍ന്ന് ഫെഡറേഷന്‍ ഓഫ് കേരള ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ ഈ കീഴ്‍വഴക്കം ഇനി തുടരേണ്ടതില്ലെന്ന് അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍, പെരുമ്ബാവൂരിലെ ചില ബാറുടമകള്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആറര ലക്ഷം രൂപ കൈക്കൂലി നല്‍കിയതായി സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടു. നിയമനടപടിയിലേക്ക് കടക്കുമെന്ന് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയതോടെ ഉദ്യോഗസ്ഥര്‍ ഈ തുക മുഴുവന്‍ ബാറുടമകള്‍ക്ക് തിരികെ നല്‍കി.
ജനുവരി ഏഴിനാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം തുടരുകയാണ്. എക്സൈസിന്‍റെ റേഞ്ച്, സര്‍ക്കിള്‍ ഓഫീസുകളിലുള്ള ഇരുപതോളം ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പരാതി. ഇവരെ ഓരോരുത്തരെയായി വിളിച്ചുവരുത്തി വിജിലന്‍സ് ചോദ്യം ചെയ്യുകയാണ്. ബാറുടമകളുടെയും മൊഴിയെടുത്തു. കൈക്കൂലി നല്‍കാത്തതിന്‍റെ പേരില്‍ മദ്യസ്റ്റോക്കുകള്‍ പിടിച്ചുവയ്ക്കുകയും ക്ലിയറന്‍സ് നല്‍കുന്നതിന് മനപ്പൂര്‍വം കാലതാമസം വരുത്തുകയും ചെയ്യുന്നുവെന്നാണ് പരാതിയിലെ ആരോപണം.
0 Comments