അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റില്‍ മുക്കി കൊന്നു, കടലില്‍ തള്ളി

കാസര്‍കോട്: ചിഗുര്‍പദവ് നിന്ന് കാണാതായ ശേഷം കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സഹപ്രവര്‍ത്തകനായ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രൂപശ്രീ ജോലി ചെയ്തിരുന്ന അതേ സ്കൂളില്‍ സഹ അധ്യാപകനായ വെങ്കട്ടരമണ കരന്തരയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുമായി രൂപശ്രീയ്ക്ക് നല്ല സൗഹൃദമുണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൗഹൃദം പിന്നീട് ശല്യമായെന്നും ഇത് രൂക്ഷമായതിനെത്തുടര്‍ന്നാണ് കൊലപാതകമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: ചിഗുര്‍പദവ് എ ചന്ദ്രശേഖരയുടെ ഭാര്യയായ ബി കെ രൂപശ്രീ മിയാപദവിലെ ഒരു സ്കൂളില്‍ അധ്യാപികയായിരുന്നു. കഴിഞ്ഞ പതിന്നാലാം തീയതിയാണ് രൂപശ്രീയെ സ്കൂളില്‍ നിന്ന് കാണാതായത്. പിന്നീട്, മൂന്ന് ദിവസത്തിന് ശേഷം രൂപശ്രീയെ കോഴിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

രൂപശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് തന്നെ അവരുടെ സ്കൂളിലെ സഹ അധ്യാപകരെയും സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. അന്ന് സ്കൂളിലെ ഡ്രോയിംഗ് അധ്യാപകനായ വെങ്കട്ടരമണയുടെ പെരുമാറ്റത്തില്‍ പൊലീസിന് സംശയം തോന്നിയിരുന്നു.

നേരത്തേ, രൂപശ്രീയെ ചിലര്‍ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ച്‌ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നതാണ്.

ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പിന്നീട് കൃത്യമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് വെങ്കട്ടരമണയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്.

രൂപശ്രീയെ വീട്ടിലേക്ക് വിളിച്ച്‌ വരുത്തിയ വെങ്കട്ടരമണ ബലംപ്രയോഗിച്ച്‌ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇതേത്തുടര്‍ന്ന് ഇയാള്‍ കാറില്‍ മൃതദേഹം കൊണ്ടുവന്ന് കടലില്‍ തള്ളുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇതുമായി ബന്ധപ്പെട്ട് വെങ്കട്ടരമണയുടെ വീട്ടിലെത്തി പൊലീസ് വിശദമായ ഫൊറന്‍സിക് പരിശോധനകള്‍ നടത്തി.

കാറിന്‍റെ ഡിക്കിയില്‍ നിന്ന് പൊലീസിന് രൂപശ്രീയുടെ മുടിയും ടയറില്‍ നിന്ന് ശരീരസ്രവങ്ങള്‍ പോലുള്ള തെളിവുകളും കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്‍റെ അടിസ്ഥാനത്തില്‍ വെങ്കട്ടരമണയെ വിശദമായി വീണ്ടും ചോദ്യം ചെയ്യാന്‍ കാസര്‍കോട് ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്. ഉടന്‍ വെങ്കട്ടരമണയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്യും.

രൂപശ്രീയും വെങ്കട്ടരമണയും ഏതാണ്ട് ഒരേസമയം ജോലിയില്‍ പ്രവേശിച്ചവരാണ്. നല്ല സൗഹൃദവുമുണ്ടായിരുന്നു. എന്നാല്‍ രൂപശ്രീയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ട് എന്ന തരത്തിലുള്ള സംശയം വെങ്കട്ടരമണയ്ക്ക് ഉണ്ടാവുകയും അതിന്‍റെ പേരില്‍ അവരെ വല്ലാതെ ശല്യം ചെയ്യുകയും ചെയ്തിരുന്നു. ഇത് കുടുംബാംഗങ്ങളോടടക്കം രൂപശ്രീ പറഞ്ഞിരുന്നതാണ്. സ്വന്തം മക്കളോടും അനുജത്തിയോടും, തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി വെങ്കട്ടരമണയാകുമെന്ന് നേരത്തേ പറഞ്ഞിരുന്നു.

മരിച്ച നിലയില്‍ രൂപശ്രീയെ കണ്ടെത്തിയ ശേഷം ഇത് കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആദ്യം വെങ്കട്ടരമണയെ പൊലീസ് ചോദ്യം ചെയ്തത്. എന്നാല്‍ കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടില്ലാത്തതിനാല്‍ പൊലീസ് ഇയാളെ അന്ന് വിട്ടയച്ചു.

എന്നാല്‍ പിന്നീട് ലോക്കല്‍ പൊലീസില്‍ നിന്ന് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് നിര്‍ണായകമായ തെളിവുകള്‍ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിക്കുകയും ഫൊറന്‍സിക് തെളിവുകള്‍ ഉള്‍പ്പടെ കണ്ടെത്തി വെങ്കട്ടരമണയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.