ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാം; കേന്ദ്രം ആലോചിക്കും മുമ്പ് ബസുകള്‍ നിരത്തിലെത്തി

ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടിക്കാമെന്ന കേന്ദ്രനിയമം പ്രാബല്യത്തിലാകുംമുമ്ബേ സംസ്ഥാനത്തെ സ്വകാര്യബസ് ലോബികള്‍ നടപ്പാക്കി. മധ്യകേരളത്തിലെ ഉടമകളുടെ ആഡംബര ബസുകളാണ് നിയമവിരുദ്ധമായി റൂട്ടില്‍ ഓടിക്കുന്നത്. കോണ്‍ട്രാക്‌ട് കാര്യേജ് പെര്‍മിറ്റ് (ടൂറിസ്റ്റ് പെര്‍മിറ്റ്) ഉപയോഗിച്ചാണിത്.

എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍നിന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട് തിരുവനന്തപുരം ജില്ലകളിലേക്കാണ് സര്‍വീസ്. മള്‍ട്ടി ആക്സില്‍ വോള്‍വോ, എ.സി., ടൂറിസ്റ്റ് ബസുകളടക്കം 30 വാഹനങ്ങള്‍ ഇത്തരത്തില്‍ അനധികൃതസര്‍വീസ് നടത്തുന്നു.

ഓണ്‍ലൈന്‍ ബുക്കിങ്

ബസുകളുടെ പേരിലുള്ള പ്രത്യേക വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ യാത്രക്കാര്‍ക്ക് സീറ്റുകള്‍ ബുക്കുചെയ്യാം. വാഹനം പോകുന്ന റൂട്ടും നിരക്കിനെക്കുറിച്ചുള്ള വിവരങ്ങളും വെബ്‌സൈറ്റിലുണ്ടാകും. യാത്രക്കാര്‍ കയറുന്ന സ്ഥലംകൂടി ഉള്‍പ്പെടുത്താനും അവസരമുണ്ട്.

എസ്.എം.എസ്., ഇ-മെയില്‍ എന്നിവയിലൂടെ ബസ് എത്തുന്ന സമയവും സീറ്റ് നമ്ബറും അടക്കമുള്ള വിവരങ്ങള്‍ നല്‍കും. പണം ഓണ്‍ലൈന്‍ വഴി നല്‍കാം. കൂടാതെ വാട്‌സാപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. പണം നേരിട്ട് കണ്ടക്ടറുടെ പക്കലോ ഗൂഗിള്‍ പേ വഴിയോ നല്‍കാം. യുവയാത്രക്കാരാണ് ഇത്തരം സര്‍വീസ് തിരഞ്ഞെടുക്കുന്നവരിലേറെയും.

നിരക്ക് കൂടുതല്‍

കോട്ടയത്തുനിന്ന് കണ്ണൂര്‍ക്ക് പെര്‍മിറ്റുള്ള സ്വകാര്യ, കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ശരാശരി 400 രൂപ വാങ്ങുമ്ബോള്‍ ഇത്തരം ബസുകളില്‍ 600 രൂപയാണു നിരക്ക്. സീസണില്‍ കൂടുതല്‍ ഈടാക്കും. കേന്ദ്രനിയമം നടപ്പാക്കിയാല്‍ റൂട്ട് പെര്‍മിറ്റുകളിലോടുന്ന ബസുകള്‍ നിര്‍ത്തി ഇത്തരം ബസുകള്‍ ദീര്‍ഘദൂര സര്‍വീസിന് നിരത്തിലിറക്കാനാണ് കമ്ബനികളുടെ തീരുമാനം.

കാലതാമസം വേണ്ടിവരും

പെര്‍മിറ്റില്ലാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരേ മാത്രമാണ് മോട്ടോര്‍വാഹനവകുപ്പ് കേസെടുക്കുന്നത്. കോണ്‍ട്രാക്‌ട് കാരേജ് പെര്‍മിറ്റ് ഉപയോഗിച്ച്‌ റൂട്ടില്‍ സര്‍വീസ് നടത്തുന്നവയെ കണ്ടെത്താന്‍ താമസംവരും. കോണ്‍ട്രാക്‌ട് കാരേജായാണ് സര്‍വീസ് നടത്തുന്നതെങ്കില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കും. മറിച്ചാണെങ്കില്‍ കിട്ടില്ല