മീഡിയനുകളിലും കൈവരികളിലും കൊടികള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരേ ഇനി കേസ്
കൊച്ചി: റോഡിന്റെ മീഡിയനുകളിലും കൈവരികളിലും ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരേ കേസെടുക്കണമെന്ന് ഹൈക്കോടതി. ഫ്ളക്സ് നിരോധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഫ്ളക്സ് നിരോധനം കാര്യക്ഷമമായി നടപ്പാക്കാത്തതിനെ തുടര്‍ന്നാണു കോടതി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെങ്കില്‍ ഉത്തരവുകള്‍ പിന്‍വലിക്കാമെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസ് ദേവന് രാമചന്ദ്രന്, കോടതിയുടെ മുന്പില് നില്ക്കുന്പോള് സര്‍ക്കാരിന് ആത്മാര്‍ത്ഥത വേണമെന്നും പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നിരവധി ഉത്തരവുകള്‍ ഇറങ്ങിയിട്ടും അതു നടപ്പാക്കാനായില്ലെന്നും കോടതി കുറ്റപ്പെടുത്തി.
റോഡില്‍ അപകടകരമായി ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതു തടയേണ്ടതു റോഡ് സുരക്ഷ കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന സര്‍ക്കാരിന്റെ നിലപാടിനോടാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്.
0 Comments