തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും തദ്ദേശ വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സിലും ഉടക്കിട്ട് നില്‍ക്കുന്ന ഗവര്‍ണറുടെ നിലപാടിനെ വിമര്‍ശിച്ച്‌ സിപിഎം നേതാവ് എസ് രാമചന്ദ്രന്‍ പിള്ള. ഭരണഘടന അനുവദിച്ചു നല്‍കിയ അധികാരത്തിന് അപ്പുറത്തേക്ക് പോകാന്‍ ഗവര്‍ണര്‍ക്ക് അധികാരങ്ങളില്ല. വികാര പ്രകടനങ്ങളാണ് ഗവര്‍ണറുടെ പ്രസ്താവനകളില്‍ കാണുന്നതെന്നും എസ് രാമചന്ദ്രന്‍ പിള്ള വിമര്‍ശിച്ചു.

ബ്രിട്ടീഷ് കൊളോണിയല്‍ കാലത്തെ റെസിഡന്‍റുമാരെ പോലെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പെരുമാറുന്നത്. ആവശ്യമില്ലാത്ത പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ആണ് ഗവര്‍ണറുടെ ശ്രമമെന്നും ഇത് അനുവദിക്കാനാകില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. വൈകാരിക പ്രകടനങ്ങള്‍ക്ക് അപ്പുറം കേരള രാഷ്ട്രീയത്തെക്കുറിച്ചു ഗവര്‍ണര്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു എന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.