'അതിനു മുമ്പ് മറ്റേ പുള്ളി വരും', അന്ന് മമ്മൂട്ടി പറഞ്ഞത് വെറുതെയല്ല

2007ല്‍ പുറത്തു വന്ന മലയാളചിത്രങ്ങളിലെ മാസ്ഹിറ്റ് സിനിമയായിരുന്നു ബിഗ് ബി. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്നും ബിലാല്‍ എന്നായിരിക്കും പേര് എന്നും ആരാധകര്‍ക്കിടയില്‍ പാട്ടായിട്ട് കാലമേറെയായി.

അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രത്തില്‍ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സേതുരാമയ്യര്‍ സീരീസിലെ അഞ്ചാം ചിത്രമെന്ന് എന്ന് ഒരിക്കല്‍ മമ്മൂട്ടിയോടു തന്നെ ചോദിച്ചപ്പോള്‍ അതിനു മുമ്ബു മറ്റേ പുള്ളി വരുമെന്നാണ് മറുപടി പറഞ്ഞത്. ബിലാല്‍ അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. സംഗീത സംവിധായകന്‍ ഗോപിസുന്ദര്‍ ആ വിവരം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ്.

അമല്‍ നീരദിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദര്‍ സിനിമയുടെ സംഗീതസംവിധാനത്തിലേക്ക് കടന്നതായുള്ള വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ്. പങ്കുവെച്ച്‌ നിമിഷങ്ങള്‍ക്കകം ചിത്രം ആരാധകര്‍ക്കിടയില്‍ ഹിറ്റാവുകയായി. അത്ര അക്ഷമയോടെയാണ് ബിലാലിനായുള്ള ആരാധകരുടെ കാത്തിരിപ്പ്.

ബിഗ് ബിയുടെ തീം മ്യൂസിക് പങ്കുവെച്ച്‌ ഗോപി സുന്ദര്‍ മറ്റൊരു കുറിപ്പു കൂടി ചേര്‍ത്തിരിക്കുന്നു. '2007ല്‍ താന്‍ ഈ ട്രാക്ക് സിനിമയ്ക്കു വേണ്ടി ചെയ്തു. അതിനു ശേഷം സ്റ്റൈല്‍ തന്നെ മാറ്റി. പതിമൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു അവസരം വന്നിരിക്കുകയാണ്. ഇത്രയും വര്‍ഷമെടുത്ത് എന്തു പഠിച്ചു എന്നത് തെളിയിക്കാന്‍.. ഇതിലെ ഓരോ ടെക്‌നീഷ്യനും അതൊരു വെല്ലുവിളി തന്നെയാണ്.'

2007 ഏപ്രില്‍ 14നാണ് ബിഗ്ബി റിലീസ് ചെയ്യുന്നത്. ബോളിവുഡ് നടി നഫീസ അലിയുടെ കഥാപാത്രമായ മേരി ജോണ്‍ കുരിശിങ്കിലിന്റെ കൊലപാതകം അന്വേഷിക്കാന്‍ ദത്തുപുത്രന്‍മാരായ നാല് പേര്‍ ഒരുമിക്കുന്നതും തുടര്‍ന്നുള്ള സംഭവവികാസങ്ങളും കോര്‍ത്തിണക്കിയ ചിത്രം മലയാളത്തിലെ എണ്ണം പറഞ്ഞ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. അധോലോകവും ഗുണ്ടായിസവും കുറ്റാന്വേഷണവും എന്നു വേണ്ട ഒരു ഗ്യാങ്സ്റ്റര്‍ സിനിമയുടെ എല്ലാവിധ ചേരുവകളും ഒത്തിണങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഉണ്ണി ആറും അമല്‍ നീരദും ചേര്‍ന്നാണ് ഒരുക്കിയത്. മനോജ് കെ ജയന്‍, സുമി നവാല്‍, പശുപതി, വിജയരാഘവന്‍, ഷെര്‍വീര്‍ വകീല്‍, ലെന, മമ്ത മോഹന്‍ദാസ്, സന്തോഷ് ജോഗി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.